Latest News

അമ്മുവിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ്

 അമ്മുവിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ്

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ്. തൻ്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ് പറഞ്ഞു. നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു. പകുതി കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്യും. ഫ്രൊഫ. എൻ അബ്ദുൽ സലാം തങ്ങളെ കേൾക്കാൻ തയാറായില്ലെന്നും സജീവ് പറഞ്ഞു. അലീന, അഞ്ജന, അഷിത എന്നിവർ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തു എന്നും സജീവ് ആരോപിച്ചു.

അമ്മു സജീവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും, ഇനി ഇത് ആർക്കും സംഭവിക്കാൻ പാടില്ലെന്നും അറിയിച്ച് ആരോഗ്യ സർവകലാശാല വിസി ഡോ. മോഹൻ കുന്നുമ്മൽ. വസ്തുതയെന്തെന്ന് ആരോഗ്യ സർവ്വകലാശാലക്കും അറിയണം. രക്ഷിതാക്കളുമായി വിശദമായി സംസാരിച്ചിരുന്നു. അന്വേഷണത്തിന് നാലംഗ സമിതി നിലവിലുണ്ട്.

കോളേജിലെത്തി എല്ലാവരേയും കണ്ട് സംസാരിക്കും, മാതാപിതാക്കളേയും കണ്ട് സംസാരിക്കുമെന്നും ഡോ. മോഹൻ കുന്നുമ്മൽ അറിയിച്ചു. പൊലീസ് അന്വേഷണവും കാര്യക്ഷമമായി നടക്കണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിന് വേണ്ട നടപടി എടുക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചയുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി ഉണ്ടാകും.

കോളേജിലെ പ്രശ്നങ്ങളിൽ രക്ഷിതാക്കൾ നൽകിയ പരാതി ഉണ്ട്. ആ പരാതിയിലെ തുടർ നടപടിയിൽ അടക്കം എല്ലാത്തിലും വിശദമായ അന്വേഷണം നടക്കും. ഒരു കുട്ടിയെയും ഇങ്ങനെ നഷ്ടപ്പെടാൻ ഇനി അവസരം ഉണ്ടാകില്ലെന്നും വിസി ഉറപ്പ് നൽകി. ആന്റി റാഗിംഗ് സെല്ലിന്റെ പ്രവർത്തനം അടക്കം വരും ദിനങ്ങളിൽ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes