തീപാറും ആവേശം; പാലക്കാട് ഇന്ന് കൊട്ടിക്കലാശം
പാലക്കാട്: തീപാറും ആവേശത്തില്‍ നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. അവസാന ലാപ്പിലെത്തുമ്പോഴും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങള്‍ക്കാണ് പാലക്കാട് സാക്ഷിയായത്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പി സരിന്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ കഴിഞ്ഞ ദിവസം ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു.
ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. റോഡ്‌ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും.
ഒലവക്കോട് നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പി സരിനും, മേലാമുറി ജംഗ്ഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോയും ആരംഭിക്കും. ഇരട്ട വോട്ട്, കള്ളപ്പണ ആരോപണം തുടങ്ങി നിരവധി വിഷയങ്ങളാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി ഉയര്‍ന്നത്.