ടെക്‌സസിൽ മിന്നൽ പ്രളയം: 13 പേർ മരിച്ചു, 20 കുട്ടികൾക്ക് കാണാതായി

അമേരിക്കയുടെ ടെക്‌സസ് സംസ്ഥാനത്തെ കേർ കൗണ്ടിയിൽ അപ്രതീക്ഷിതമായ മിന്നൽ പ്രളയം. പ്രളയത്തിൽ 13 പേർ മരിക്കുകയും, സമ്മർ ക്യാമ്പിൽ പങ്കെടുത്ത 20 പെൺകുട്ടികളെ കാണാതാവുകയും ചെയ്‌തു.
ഗ്വാഡലൂപ്പ് നദിയിലാണ് അപകടകരമായ വെള്ളപ്പൊക്കം ഉണ്ടായത്. 45 മിനിറ്റിനുള്ളിൽ നദിയിലെ ജലനിരപ്പ് 26 അടിയോളം ഉയർന്നതോടെയാണ് പ്രളയം ഉണ്ടായത്. ഇപ്പോഴും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് 14 ഹെലികോപ്റ്ററുകൾ, 12 ഡ്രോണുകൾ, ഒൻപത് പ്രത്യേക രക്ഷാസേന സംഘങ്ങൾ, അഞ്ഞൂറിലധികം രക്ഷാപ്രവർത്തകർ എന്നിവയെ ഉള്‍പ്പെടുത്തി വിപുലമായ തിരച്ചിൽ നടത്തുന്നുണ്ട്.
മരണസംഖ്യ അടുത്ത മണിക്കൂറുകളില്‍ കൂടാനിടയുണ്ടെന്ന് ടെക്‌സസ് ലെഫ്റ്റണന്റ് ഗവർണർ ഡാൻ പാട്രിക് മുന്നറിയിപ്പ് നൽകി. സ്ഥലത്തെ സാഹചര്യം കണക്കിലെടുത്ത് എല്ലാ മുൻകരുതലുകളും പാലിക്കണമെന്ന് സെനറ്റർ ടെഡ് ക്രൂസ് ജനങ്ങളെ അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം ശക്തമായി തുടരുന്നതായി ക്രൂസ് അറിയിച്ചു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് ടെക്‌സസിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സെനറ്റർ ജോൺ കോർണിൻ അപകടത്തിൽപെട്ടവർക്ക് പ്രാർത്ഥനയുമായി മുന്നോട്ടുവന്നു. നിരവധി പേരുടെ ജീവൻ ഈ അപ്രതീക്ഷിത ദുരന്തത്തിൽ നഷ്ടമായതിൽ അദ്ദേഹം ഖേദം രേഖപ്പെടുത്തി.
കുന്നുകളും നദികളും തടാകങ്ങളും ചേർന്ന പ്രകൃതിരമണീയമായ പ്രദേശമായ ടെക്‌സസ് വിനോദസഞ്ചാരികൾക്ക് ഏറെ ആകർഷണീയമാണ്. ഗ്വാഡലൂപ്പ് നദിയിൽ വെള്ളപ്പൊക്കങ്ങൾ പതിവായെങ്കിലും, ഇത്തവണ കുറച്ച് സമയത്തിനുള്ളിൽ വന്‍തോതിൽ ജലനിരപ്പ് ഉയർന്നത് അപൂർവമാണെന്ന് അധികൃതർ പറഞ്ഞു.
Tag: Flash floods in Texas, america: 13 dead, 20 children missing