ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുടെ മകൻ ചൈതന്യ ബഘേൽ ഇഡി അറസ്റ്റ് ചെയ്തു; നടപടി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ


ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബഘേൽ കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്.
ഇന്നലെ രാവിലെ, ഭിലായിയിലെ ഭൂപേഷ് ബഘേലിന്റെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈതന്യയുടെ അറസ്റ്റ് നടന്നത്. ഭൂപേഷ് ബഘേൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ മദ്യനയം കേന്ദ്രമായി എടുത്താണ് ഇഡി അന്വേഷണം. ഇതിനോടകം തന്നെ മുന്‍ എക്‌സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ ഏകദേശം 70 പേരെ പ്രതിചേര്‍ത്ത് അഴിമതി വിരുദ്ധ ബ്യൂറോ കേസെടുത്തിട്ടുണ്ട്.
മദ്യം വിറ്റു പണമുണ്ടാക്കിയെങ്കിലും, ആ തുക സർക്കാർ ഖജനാവിൽ പ്രവേശിപ്പിക്കാതെ ഒരു സമാന്തര എക്‌സൈസ് സംവിധാനം പ്രവർത്തിച്ചിരുന്നതായാണ് ഇഡിയുടെ ആരോപണം. ഈ സംവിധാനം വഴി ഛത്തീസ്ഗഢ് സർക്കാറിന് 2,161 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. ചൈതന്യ ബഘേലും അദ്ദേഹത്തിന്റെ അനുയായികളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ വഴി അഴിമതിപ്പണം വെളുപ്പിച്ചിരുന്നതായി ഇഡി ആരോപിക്കുന്നു.
മകന്റെ അറസ്റ്റ് നടന്ന് പിന്നാലെ, ഭൂപേഷ് ബഘേൽ കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. “ഇത് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള രാഷ്ട്രീയ നീക്കമാണ്. നിയമസഭാ സമ്മേളനത്തിന്റെ അവസാനദിവസം ഞങ്ങൾ അദാനിയെക്കുറിച്ച് ചർച്ച ചെയ്യാനിരിക്കെ, മോഡിയും അമിത് ഷായും ബോസിനെ സന്തോഷിപ്പിക്കാൻ ഇഡിയെ എന്റെ വീട്ടിലേക്ക് അയച്ചു,” അദ്ദേഹം ആരോപിച്ചു.
“രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ളത് ജനാധിപത്യത്തെ ശ്വാസമുട്ടിക്കുന്നതാണ്,” എന്നും ബഘേൽ പ്രതികരിച്ചു.
Tag: Former Chhattisgarh CM’s son Chaitanya Baghel arrested by ED; action in liquor policy-related black money case