G20 ഉച്ചകോടി; പ്രധാനമന്ത്രി ബ്രസീലിൽ, വൻ സ്വീകരണം
റിയോ ഡി ജെനീറോ: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. റിയോ ഡി ജെനീറോയിലെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ‘നീതിയുക്തമായ ലോകവും സുസ്ഥിര ഭൂമിയും’ എന്നതാണ് ബ്രസീൽ ഉച്ചകോടിയുടെ പ്രമേയം. ഡൽഹി ഉച്ചകോടിയിൽ തുടക്കമായ ഗ്ലോബൽ സൗത്ത് ശക്തിപ്പെടുത്തലിൻറെ തുടർച്ചയാണ് റിയോ ഡി ജെനീറോയിൽ പ്രതീക്ഷിക്കുന്നത്. ബ്രസീൽ പ്രസിഡൻറ് ലുല ഡിസിൽവയുമായി നരേന്ദ്രമോദി ചർച്ച നടത്തും.
നൈജീരിയ, ഗയാന റിപ്പബ്ലിക്കുകൾ സന്ദർശിച്ച ശേഷമാണ് നരേന്ദ്രമോദി റിയോയിലെത്തുന്നത്. ഡൽഹി ഉച്ചകോടിയുടെ ആതിഥേയൻ എന്ന നിലയിൽ ബ്രസീലിൽ ട്രോയിക അംഗമാണ് ഇന്ത്യൻ പ്രധാനമന്ത്രി. വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ പോരാട്ടമാണ് രാഷ്ട്രത്തലവൻമാരുടെ പ്രധാന ചർച്ചാ വിഷയം. നൈജീരിയൻ പ്രസിഡൻറ് ബോല അഹമ്മദ് ടിനുബുവുമായുള്ള കൂടിക്കാഴ്ചയിലും മോദി ഗ്ലോബൽ സൗത്തിന്റെ വികസനത്തെക്കുറിച്ച് പരാമർശിച്ചു.
ഉച്ചകോടിയിൽ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടുകൾ മോദി വ്യക്തമാക്കും. ആഗോള ഭരണസ്ഥാപനങ്ങളിൽ വരുത്തേണ്ട പരിഷ്ക്കാരങ്ങളും ചർച്ചയാകും. സുസ്ഥിര വികസനവും ഊർജപരിവർത്തനവുമാണ് ജി 20യിലെ മറ്റൊരു പ്രധാന വിഷയം. മൂന്ന് പ്ലീനറി സെഷനുകളാണുള്ളത്. ഉച്ചകോടിക്കെത്തുന്ന രാഷ്ട്ര നേതാക്കളുമായി മോദി ഉഭയകക്ഷി ചർച്ചകളും നടത്തും.