Latest News

പരിക്കേറ്റ കളിക്കാരന് പകരക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന് ഗംഭീര്‍

 പരിക്കേറ്റ കളിക്കാരന് പകരക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന് ഗംഭീര്‍

മത്സരത്തിനിടെ പരിക്കേറ്റ് ഒരു കളിക്കാരന് കളിക്കാനാവാത്ത സാഹചര്യങ്ങളില്‍ പകരം മറ്റൊരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പ്പാദത്തില്‍ കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ബാറ്റിംഗ് നിര്‍ത്തി കയറിപ്പോയ റിഷഭ് പന്ത് രണ്ടാം ദിനം പൊട്ടലുള്ള കാല്‍പ്പദവുമായി വീണ്ടും ബാറ്റിംഗിനിറങ്ങേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിക്കേറ്റ് ഒരു കളിക്കാരന്‍ പുറത്തായാല്‍ പകരം കളിക്കാരനെ ഇറക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ഗംഭീര്‍ മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഗംഭീറിന്‍റെ നിര്‍ദേശത്തെ അസംബന്ധമെന്നാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് വിശേഷിപ്പിച്ചത്. പരിക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ അനുവദിക്കുന്നത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സ്റ്റോക്സ് നാലാം ടെസ്റ്റിനുശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കുകള്‍ കളിയുടെ ഭാഗമാണ്. പ്ലേയിംഗ് ഇലവനില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്നതിനെ ഞാന്‍ പൂര്‍ണമായും അനുകൂലിക്കുന്നു. കളിക്കാരുടെ സുരക്ഷയെ കരുതിയാണ് അത്. എന്നാല്‍ മറ്റ് പരിക്കുകള്‍ മൂലം കളിക്കാനാവാത്ത സാഹചര്യത്തില്‍ പകരം കളിക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

ഒരു എംആര്‍ഐ സ്കാനിന്‍റെ അടിസ്ഥാനത്തില്‍ മാത്രം എങ്ങനെയാണ് ഒരു കളിക്കാരന് പകരം കളിക്കാരനെ ഇറക്കാനാവുകയെന്നും സ്റ്റോക്സ് ചോദിച്ചു. എംആര്‍ഐ സ്കാനില്‍ ഒരു ബൗളറുടെ കാല്‍മുട്ടില്‍ നീരുണ്ടെന്ന് വ്യക്തമായാല്‍ പകരം പുതിയൊരു ബൗളറെ കളിക്കാന്‍ അനുവദിക്കുന്നത് ടീമുകൾക്ക് അധിക ആനുകൂല്യം നല്‍കുന്നതിന് തുല്യമാകും. അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും ഏറെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും സ്റ്റോക്സ് പറഞ്ഞു. ഇന്നലെ മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പരിക്കേറ്റവര്‍ക്ക് പകരക്കാരെ ഇറക്കാന്‍ അനുവദിക്കുന്നതിനെ താന്‍ പൂര്‍ണമായും അനുകൂലിക്കുന്നുവെന്ന് ഗംഭീര്‍ വ്യക്തമാക്കിയത്. അമ്പയര്‍മാരും മാച്ച് റഫറിയും കളിക്കാരന്‍റെ പരിക്ക് ഗുരുതരമാണെന്ന് വിലയിരുത്തിയാല്‍ പകരം കളിക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്നാണ് എന്‍റെ നിലപാട്. പ്രത്യേകിച്ച് ഇത്തരം കടുത്ത പോരാട്ടം നടക്കുന്ന പരമ്പരകളില്‍11 പേര്‍ക്കെതിരെ 10 പേര്‍ കളിക്കേണ്ടിവരുന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.

റിഷഭ് പന്തിന് പരിക്കേറ്റ് പുറത്തായപ്പോള്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും പകരക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പരിക്കേറ്റ് കളിക്കാരന് പകരം ഇറങ്ങുന്ന കളിക്കാരന് ഫീല്‍ഡ് ചെയ്യാമെങ്കിലും ബാറ്റ് ചെയ്യാനോ ബൗള്‍ ചെയ്യാനോ അനുവാദമില്ല. പന്ത് തലയില്‍ കൊണ്ട് ഒരു കളിക്കാരന്‍ കയറിപ്പോയാല്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി പകരം ഇറങ്ങുന്ന കളിക്കാരന് മാത്രമെ ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും അനുവാദമുള്ളു. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ റിഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ പകരം ധ്രുവ് ജുറെലാണ് വിക്കറ്റ് കീപ്പറായത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes