മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്‌സും കാണാതായതായി പരാതി

മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്‌സും കാണാതായതായി എഫ്‌ഐആർ റിപ്പോർട്ട്. രാജയുടെ സ്വർണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വർണ്ണ ബ്രേസ്‌ലെറ്റ്, പണമടങ്ങിയ പെഴ്സ് എന്നിവയെല്ലാം കാണാതായതായാണ് റിപ്പോർട്ടിൽ പറയുന്നത്. രാജയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രാജ രഘുവംശിയുടെ ഭാര്യ സോനം ഉത്തർപ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങിയത്. മറ്റൊരു പുരുഷനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് പുറത്തുവന്ന വിവരം. വാടക കൊലയാളികളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ഇവരെ ഷില്ലോങ്ങിലെ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.