സ്വർണവില ഇന്ന് കുറഞ്ഞു; പ്രതിഫലിച്ചത് രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 9,145 രൂപയിലെത്തി. പവന്‍ വില 73,160 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് പവനില്‍ 80 രൂപയുടെ കുറവാണുണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,500 രൂപയാണ്, അഞ്ചു രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. വെള്ളിവില 2 രൂപ കുറഞ്ഞ് 122ലെത്തി.
തിങ്കളാഴ്ച ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ സ്വര്‍ണവിലയെത്തിയിരുന്നു. 73,240 രൂപയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും കൂടിയശേഷമാണ് ഇന്നത്തെയിറക്കം. സ്വര്‍ണവിലക്കൊപ്പം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം ഇന്ന് 79,000 രൂപയ്ക്കടുത്ത് കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും.
രാജ്യാന്തര സ്വർണവില ഇന്നലെ കുറിച്ച 3,370 ഡോളറിൽ നിന്ന് ഇന്നു 3,360 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും സംഭവിച്ചത്. യുഎസിന്റെ പണപ്പെരുപ്പക്കണക്കുകളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ കണക്കുകൾ പുറത്തുവരും. കണക്കുകൾ ആശാവഹമെങ്കിൽ പലിശഭാരം കുറയ്ക്കാൻ ഫെഡറൽ റിസർവ് നിർബന്ധിതരാകും.

