നവീൻ ബാബുവിൻ്റെ മരണത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പം; വി ഡി സതീശൻ
കൊച്ചി: നവീൻ ബാബുവിൻ്റെ മരണത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. ആരെ രക്ഷിക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നതെന്നും ടി വി പ്രശാന്തൻ ആരുടെ ബിനാമിയാണെന്നും വി ഡി സതീശൻ ചോദിച്ചു. ‘വ്യാജരേഖ ചമച്ചവർക്കും കള്ള ഒപ്പിട്ടവർക്കും എതിരെ അന്വേഷണമില്ല. പ്രശാന്തൻ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് രഹസ്യങ്ങൾ അറിയാം ഇത് പുറത്താകുമൊ എന്ന പേടി സർക്കാരിനുണ്ട്. ദിവ്യയെ പ്രീതിപ്പെടുത്താനാണ് സിപിഐഎം നേതാക്കൾ ശ്രമിക്കുന്നത്. പ്രതികളും കൂട്ടുകാരും ഒക്കെയുള്ള പരിയാരം മെഡിക്കൽ കോളേജിലാണ് നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം ചെയ്തത്. ‘വി ഡി സതീശൻ.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇരട്ടതാപ്പ് കാണിച്ചുവെന്നും വി ഡി സതീശൻ ആരോപിച്ചു. പാർട്ടി സെക്രട്ടറി എഡിഎമ്മിൻ്റെ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞുവെങ്കിലും പാർട്ടി സെക്രട്ടറിയുടെ ഭാര്യ പ്രതിയെ ജയിലിൽ പോയി കണ്ടുവെന്നും വി ഡി സതീശൻ കൂട്ടി ചേർത്തു. സിബിഐ അന്വേഷണത്തിന് സർക്കാർ കോടതിയിൽ സമ്മതിക്കണമെന്നും, നവീൻ ബാബുവിൻ്റെ മരണത്തെ കുറിച്ച് ഇതുവരെ കൃത്യമായ അന്വേഷണം നടത്തിയില്ലായെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോട് പത്ത് ദിവസത്തിനകം കേസ് ഡയറി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ വാദം കേൾക്കുന്നതിനായി കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.
നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് സംശയിക്കുന്നതായി നവീൻ്റെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു. നവീൻ ബാബുവിന്റെ മരണശേഷം അന്വേഷണത്തിൽ സംഭവിച്ച വീഴ്ചകൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും പൊലീസ് നടപടിക്രമങ്ങളിൽ വീഴ്ചപറ്റിയെന്നും മൊഴി രേഖപ്പെടുത്താൻ ഉൾപ്പെടെ വൈകിയെന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടുംബം എത്തുന്നതിന് മുൻപ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെന്നും ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെന്നും കുടുംബം ഹർജിയിൽ പറഞ്ഞിരുന്നു.