മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: രാജ്യ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നും ഗവർണർ ആരോപിച്ചു. ഇതിനെ രാജ്യവിരുദ്ധ പ്രവർത്തനം എന്നല്ലേ പറയേണ്ടതെന്ന് ചോദിച്ച ഗവർണർ അത് റിപ്പോർട്ട് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.
‘ഇക്കാര്യങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി നൽകിയ കത്ത് ഉയർത്തിക്കാട്ടി ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാൻ ഉണ്ട്. രാജ്യത്തിന് എതിരായ കുറ്റകൃത്യമാണ് നടന്നത്. സ്വർണ്ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തിന് എതിരാണ്. അതുകൊണ്ടാണ് ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വരുന്നതിൽ നിന്ന് തടഞ്ഞത്. കാര്യങ്ങൾ രാഷ്ട്രപതിയെ രേഖാമൂലം അറിയിക്കുമെന്നും ഗവർണർ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ വെച്ചുള്ള അന്വേഷണം പരിഗണിക്കും. സ്വർണ്ണക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ വിലക്കാണ്. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ല. അവർക്ക് രാജ്ഭവനിലേക്ക് ഇനി പ്രവേശനമുണ്ടാകില്ലെന്നും ഗവർണർ വ്യക്തമാക്കി.