സര്‍ക്കാര്‍ പരിപാടികളില്‍ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍

‘കാവിക്കൊടിയേന്തിയ ഭാരതാംബ’ ചിത്ര വിവാദത്തില്‍ പിടിവാശി ഉപേക്ഷിക്കാന്‍ ഗവര്‍ണര്‍. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
സര്‍ക്കാര്‍ പരിപാടികളില്‍ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്കി. അനൗദ്യോഗിക പരിപാടികളിലും ഭാരതാംബയെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. ചിത്രം വന്നതില്‍ ഗൂഢാലോചന ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാര്‍ പട്ടിക അനുസരിച്ച് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനും ഗവര്‍ണര്‍ സമ്മതിച്ചു. ഇതനുസരിച്ച് ഡിജിറ്റല്‍ സാങ്കേതിക വൈസ് ചാന്‍സലറുമാരെ ഉടന്‍ തീരുമാനിക്കും. ചെറിയ കാര്യം വലുതാക്കിയത് മന്ത്രി വി ശിവന്‍കുട്ടിയാണെന്നും മറ്റൊരു മന്ത്രിയായ പി പ്രസാദിന്റെ ഇടപെടല്‍ മാന്യമായിരുന്നുവെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ പറഞ്ഞു.
കേരള യൂണിവേഴ്സിറ്റി തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് നല്ല കാര്യങ്ങള്‍ മാത്രമേ ചെയ്യൂ. പ്രശ്നം പരിഹരിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കാമെന്നും ഗവർണർ ഉറപ്പു നല്കി.
Tag: Governor says there will be no ‘ flag Bharatamba’ at government events