Latest News

നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

 നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. സീപാസിന് കീഴിലുള്ള നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്. 

അതേസമയം കേസില്‍ കോളേജ് പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തി. സഹപാഠികളായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ അമ്മുവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് കോളേജിനുള്ളില്‍ തന്നെ പരിഹരിച്ചതാണെന്നും ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലായിരുന്നുവെന്ന് ക്ലാസ് ടീച്ചര്‍ ഉള്‍പ്പെടെ മൊഴി നല്‍കി. 

ആരോപണ വിധേയരായ വിദ്യാര്‍ത്ഥിനികളെയും അടുത്ത ദിവസം പൊലീസ് ചോദ്യം ചെയ്യും. ലോഗ് ബുക്ക് കാണാതായതും ടൂര്‍ കോഓഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തതുമൊക്കെ അമ്മുവും മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കം രൂക്ഷമാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തതാണെന്ന് ക്ലാസ് ടീച്ചറും പറയുന്നു.

അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. ക്ലാസില്‍ നിന്ന് വന്നയുടന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റല്‍ വാര്‍ഡനടക്കം മൊഴി നല്‍കിയത്. മൂന്നു വിദ്യാര്‍ത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസില്‍ വഴക്കുണ്ടായെന്നാണ് പോലീസിന്റെ നിഗമനം. ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിക്കാന്‍ അമ്മുവിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സഹപാഠികളുടെ മാനസിക പീഡനം സംബന്ധിച്ച്‌ അമ്മുവിന്റെ അച്ഛന്‍, പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. അമ്മുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes