ഉപയോഗിക്കാത്ത കെട്ടിടമെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമം; മന്ത്രി വീണ രാജിവയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം നിലംപതിച്ച് ഒരാൾ മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഉപയോഗമില്ലാത്ത കെട്ടിടമാണു തകർന്നതെന്നു പറഞ്ഞ് തടിതപ്പാനായിരുന്നു അപകടമുണ്ടായപ്പോൾ സർക്കാരിന്റെ ശ്രമം. അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കിൽ തന്നെ അവിടെ എത്തുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ വ്യക്തമാക്കണം. കേരളത്തിലെ ആരോഗ്യ മേഖലയിൽ നിന്നും ഉയർന്നു വരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യ മന്ത്രിയെ എത്രയും വേഗം ആ ചുമതലയിൽ നിന്നും രാജി വെച്ച് ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഉപകരണങ്ങളില്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങുന്നതായി അടുത്തിടെ യൂറോളജി വിഭാഗം മേധാവി തന്നെ വെളിപ്പെടുത്തിയിരുന്നു. അവശ്യമരുന്നുകൾ പോലും ആശുപത്രികളിൽ ലഭ്യമാകാത്ത സാഹചര്യമുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ നടപ്പാക്കുന്നില്ല. എൽഡിഎഫ് കൊട്ടിഘോഷിക്കുന്ന നമ്പർ വൺ ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ ആണെന്ന് ഓരോ സംഭവങ്ങളും അടിവരയിടുകയാണ്
രാജീവ് ചന്ദ്രശേഖർ പറഞ്ഞു.