നിപ; സമ്പർക്ക പട്ടികയിലെ ഒരാൾ ഇതര സംസ്ഥാനക്കാരൻ, ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്

പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ യുവതിയുമായി സമ്പർക്ക പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ മലപ്പുറം ജില്ലയാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇയാൾ മണ്ണാർക്കാട് ക്ളീനിക്കിലേക്ക് വന്ന ഇതര സംസ്ഥാനക്കാരനാണെന്നാണ് നിഗമനം.
സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ നൂറു പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ഹൈറിസ്ക് കൊണ്ടാക്റ്റുകളിൽ ഉള്ളത് 52 പേരാണ്. പാലക്കാട് മാത്രമായി 7 പേർ ചകിത്സയിൽ കഴിയുകയാണ്. 4 സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് വരും. നിപ ബാധിത മേഖലയിലെ അസ്വാഭാവിക മരണങ്ങൾ കൂടി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ഹൗസ് സർവേ നടത്താനാണ് തീരുമാനം.