ഹേമചന്ദ്രൻ കൊലക്കേസ്: പ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയിൽ, ഇന്ന് വിശദമായി ചോദ്യം ചെയ്യും

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ കൊലപാതകക്കേസിലെ പ്രധാനപ്രതി നൗഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഇന്ന് വിശദമായ ചോദ്യംചെയ്യലിന് തുടക്കം കുറിക്കുമെന്നും, ബത്തേരിയിലേക്കും നൗഷാദിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
കേസിലെ മറ്റ് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും, നൗഷാദിനൊപ്പം ഇരുത്തി സംയുക്തമായി ചോദ്യംചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ചാണ് നൗഷാദിനെ കുടുക്കാനുള്ള നീക്കം. ഹേമചന്ദ്രനെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ടുപ്രതികളോട് നടത്തിയ സംഭാഷണങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
എങ്കിലും ഹേമചന്ദ്രനെ താനൊരിക്കലും കൊലപ്പെടുത്തിയിട്ടില്ലെന്നാണ് നൗഷാദിന്റെ നിലപാട്. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും, അതിനുശേഷം സുഹൃത്തുക്കളുടെ ഉപദേശപ്രകാരം മൃതദേഹം കുഴിച്ചിട്ടതാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയും പൊലീസിനോട് നൽകിയ മൊഴിയിലൂടെയും നൗഷാദ് വ്യക്തമാക്കി.
“ഹേമചന്ദ്രൻ പലരോടും പണം കൊടുക്കാനുണ്ടെന്ന് തന്നെ പറഞ്ഞിരുന്നു. പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. എഗ്രിമെന്റ് തയ്യാറാക്കിയ ശേഷമാണ് ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചത്. പിന്നീട് അയാൾ മൈസൂരിൽ നിന്ന് പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് വീണ്ടും വീട്ടിൽ പോയി. മറ്റന്നാൾ രാവിലെ ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടു. പിന്നീട് സുഹൃത്തുകളുമായി ചേർന്ന് മൃതദേഹം കുഴിച്ചിട്ടു. എന്തു ചെയ്യണമെന്ന് അറിയാതിരുന്ന കാരണം കൊണ്ടാണ് ആ തീരുമാനമെടുത്തത്. ഞാൻ ചെയ്തതിന് വേണ്ടി ജയിലിൽ കിടക്കാൻ തയ്യാറാണ്,” — എന്നാണ് നൗഷാദ് ഫേസ്ബുക്കിൽ കുറിച്ചത്.
എങ്കിലും, ഹേമചന്ദ്രനെ നൗഷാദ് തന്ത്രപരമായി കുടുക്കിയതായും അതിന്റെ ഭാഗമായിട്ടാണ് ഇയാളെ വയനാട്ടിലെക്കു കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി അരുൺ കെ. പവിത്രന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ നൗഷാദിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 28-നാണ് ഒന്നര വർഷം മുമ്പ് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്ന് കണ്ടെത്തിയത്. കേസിലെ അന്വേഷണ പ്രവർത്തനം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.
Tag:Hemachandran murder case: Accused Noushad in police custody, will be questioned in detail today