വരുന്നു, പുതിയ ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ് ഒടുവിൽ പരീക്ഷണ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ട്. ആദ്യ സ്പൈ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ടെസ്റ്റ് മോഡലിന്റെ മുൻഭാഗവും പിൻഭാഗവും വളരെയധികം മറച്ചനിലയിൽ ആയിരുന്നു. മിക്ക കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ഈ ഭാഗങ്ങളിൽ വരുത്തുമെന്ന് ഇത് സൂചന നൽകുന്നു. എസ്‌യുവിയിൽ ചെറുതായി പരിഷ്‍കരിച്ച ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പുകൾ, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ഉൾപ്പെട്ടേക്കാം. സ്പൈ ഇമേജിൽ, റൂഫ് റെയിലുകൾ, സൈഡ് ബോഡി ക്ലാഡിംഗ്, ഡോർ ഹാൻഡിലുകൾ, ഓആർവിഎമ്മുകൾ, വീൽ ആർച്ചുകൾ, അലോയ് വീലുകൾ തുടങ്ങിയ ഘടകങ്ങൾ നിലവിലെ മോഡലിന് സമാനമായി കാണപ്പെടുന്നു. പ്യുവർ വൈറ്റ്, ഡോൾഫിൻ ഗ്രേ, നൈറ്റ്ഷെയ്ഡ് ബ്ലൂ, റിഫ്ലെക്സ് സിൽവർ, ഒറിക്സ് വൈറ്റ്, കിംഗ്സ് റെഡ്, ഡീപ് ബ്ലാക്ക് എന്നീ നിലവിലുള്ള ഏഴ് പെയിന്റ് ഓപ്ഷനുകൾക്കൊപ്പം പുതിയ കളർ സ്‍കീമുകളിലും ഫോക്‍സ്‍വാഗൺ അപ്ഡേറ്റ് ചെയ്ത ടൈഗൺ വാഗ്‍ദാനം ചെയ്തേക്കാം. പുതിയ 2026 ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും, ലെവൽ-2 ADAS സ്യൂട്ട് ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യമായ ഫീച്ചർ അപ്‌ഗ്രേഡുകൾ എസ്‌യുവിക്ക് ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അപ്‌ഡേറ്റ് ചെയ്ത പ്രോട്ടോക്കോളുകൾക്ക് കീഴിൽ മുതിർന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ആദ്യത്തെ ഇന്ത്യൻ നിർമ്മിത കാറുകളിൽ ഒന്നായിരുന്നു ടൈഗൺ.
ലെതറെറ്റ്, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, റെഡ് ആംബിയന്റ് ലൈറ്റിംഗ്, ലെതർ ഇൻസേർട്ടുകളുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ തുടങ്ങി നിലവിലുള്ള എല്ലാ സവിശേഷതകളും അപ്‌ഡേറ്റ് ചെയ്ത മോഡലിലും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. പുതിയ ഫോക്‌സ്‌വാഗൺ ടൈഗൺ 2026 നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്താൻ സാധ്യതയുണ്ട്. അതായത്, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പ് 1.0L TSI, 1.5L TSI പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായി വരും. ഇത് യഥാക്രമം 175Nm-ൽ 113bhp കരുത്തും 250Nm-ൽ 148bhp കരുത്തും നൽകുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായിരിക്കും. അതേസമയം 1.0L, 1.5L പെട്രോൾ വേരിയന്റുകളിൽ യഥാക്രമം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിഎസ്‍ജി ഓട്ടോമാറ്റിക് തുടങ്ങിയവ വാഗ്‍ദാനം ചെയ്യും.