ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. ജയില്‍ അധികൃതര്‍ പരോളിനെ എതിര്‍ത്തെങ്കിലും 15 ദിവസത്തേക്കാണ് അടിയന്തര പരോള്‍ നല്‍കിയത്. എന്നാൽ, പ്രതിയായ വ്യക്തിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയുടെ മനസിനെ ഹെെക്കോടതി പ്രശംസിച്ചു ഒരു കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടി ധീരയും സ്‌നേഹനിധിയുമാണെന്ന് ഹെെക്കോടതി ചൂണ്ടിക്കാട്ടി.
പ്രേമത്തിന് അതിരില്ലെന്ന് തുടങ്ങുന്ന അമേരിക്കന്‍ കവി മായാ ആഞ്ചലോയുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് ജീവപര്യന്തം ലഭിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായ പെണ്‍കുട്ടിയെ ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്‍ അഭിനന്ദിച്ചത്. ‘പ്രണയം ഒരു തടസ്സങ്ങളേയും അറിയുന്നിയില്ല. അത് തടസ്സങ്ങളെ ഇല്ലാതാക്കി, ചാടിക്കടക്കുന്നു. മതിലുകള്‍ തുരന്ന് മറുപുറത്തെത്തുന്നു. മുഴുവന്‍ പ്രതീക്ഷയോടെ അത് തന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നു’. എന്ന് ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണൻ ചൂണ്ടിക്കാട്ടി.
പ്രതിയുടെ വിവാഹം ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് തന്നെ നിശ്ചയിച്ചിരുന്നു. എന്നാല്‍, പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഇതാണ് കോടതിയെ അതിശയിപ്പിച്ചത്. കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ വീക്ഷണകോണില്‍ നിന്നാണ് ഈ കേസ് പരിഗണിക്കുന്നത് എന്ന് കോടതി ആദ്യമേ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വിവാഹം നാളെയാണ്. 15 ദിവസത്തേക്ക് വിട്ടയക്കാന്‍ ഉത്തരവിട്ടത്. വധു സന്തോഷവതിയായിരിക്കട്ടെയെന്നും അവര്‍ക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നതായും കോടതി വ്യക്തമാക്കി.
Tag: High Court grants parole to convict sentenced to life imprisonment for marriage