ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണവുമായി ഹൈക്കോടതി
കൊച്ചി: ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മില്‍ എട്ടു മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉള്‍പ്പടെ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവെച്ചത്.
ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കർശന വ്യവസ്ഥകള്‍ ഏർപ്പെടുത്തുമെന്ന് കോടതി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള മാർഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളെ കോടതി കക്ഷി ചേർക്കുകയും ചെയ്തു.
എതിർപ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട്, മാർഗരേഖ പുറത്തിറക്കാൻ സംസ്ഥാന സർക്കാർ മടിച്ചുനില്‍ക്കുകയായിരുന്നു. വളരെ സെൻസിറ്റീവായ വിഷയമാണിതെന്നും എല്ലാവരേയും കേള്‍ക്കണം എന്നുമായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സർക്കാർ കോടതിയില്‍ നിലപാട് അറിയിച്ചത്.
ഹൈക്കോടതിയുടെ പ്രധാന നിർദേശങ്ങള്‍
* എഴുന്നള്ളത്തിന് ഒരു മാസം മുൻപ് ബന്ധപ്പെട്ടവർ ജില്ലാതല സമിതിക്ക് അപേക്ഷ നല്‍കണം. ഏതെല്ലാം ആനകളെയാണ് കൊണ്ടുവരുന്നത് എന്നത് ഉള്‍പ്പടെയുള്ള വിശദാംശങ്ങളും അപേക്ഷയില്‍ വ്യക്തമാക്കണം.
* രണ്ട് ആനകള്‍ തമ്മിലുള്ള ദൂരം മൂന്ന് മീറ്റർ ഉണ്ടെന്ന് ഉറപ്പാക്കണം.
* പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിർത്തരുത്. ആനകളെ നിർത്തുമ്പോള്‍ മേല്‍ക്കൂരയും തണലും ഉറപ്പാക്കണം.
* ആനകളെ സ്വകാര്യ ഡോക്ടർമാർ പരിശോധിച്ച സർട്ടിഫിക്കറ്റ് സ്വീകരിക്കരുതെന്നും സർക്കാർ വെറ്റിനറി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ജില്ലാതല സമിതികള്‍ക്ക് നിർദേശം.
* 125 കിലോമീറ്ററിലധികം ദൂരം ആനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ ആറ് മണിക്കൂറിലധികം തുടർച്ചയായി യാത്ര ചെയ്യിപ്പിക്കാനോ പാടില്ല.
* ആനയെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാൻ പാടില്ല. ഇതിന് സ്പീഡ് ഗവർണർ വേണം. മോട്ടോർ വാഹനവകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം.
* ഒന്നില്‍ കൂടുതല്‍ എഴുന്നള്ളത്തുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എഴുന്നള്ളത്തിന് 10ദിവസം മുൻപത്തേയും എഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷവുമുള്ള യാത്രാരേഖകള്‍ പരിശോധിക്കണം.
* രാവിലെ ഒൻപതിനും വൈകീട്ട് അഞ്ചിനും ഇടയില്‍ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്. ഇതേ സമയങ്ങളില്‍ ആനയെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനും പാടില്ല.