പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം
കോഴിക്കോട്: കൊയിലാണ്ടി വെള്ളിലാട്ട് വീടുകയറി ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. വെള്ളിലാട്ട് സ്വദേശികളായ അജീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനായിരുന്നു വീട് കയറിയുള്ള ആക്രമണം.
ആക്രമണത്തില്‍ വീട്ടുടമ ഉണ്ണികൃഷ്ണനും ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. വീടിന്റെ ജനലുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തു. വീടിനടുത്ത് അടച്ചിട്ട കടമുറിയില്‍ നടക്കുന്ന പരസ്യമദ്യപാനം ഉണ്ണികൃഷ്ണന്‍ ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം.
വീട്ടില്‍ അതിക്രമിച്ചെത്തിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. പ്രതിരോധിക്കാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലെ കസേര ഉള്‍പ്പെടെ എടുത്ത് അടിച്ചു. വീണുപോയ ഉണ്ണികൃഷ്ണനെ സംഘം നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന് നേരെയുള്ള ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും മക്കള്‍ക്കും മര്‍ദ്ദനമേറ്റത്.
ആക്രമണത്തിന് ശേഷം സംഘം ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്ത ശേഷമാണ് പോയത്. പരിക്കേറ്റ ഉണ്ണികൃഷ്ണനും കുടുംബാംഗങ്ങളും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്.