‘മസ്ജിദിനുള്ളില്‍ ‘ജയ് ശ്രീറാം’ വിളിക്കുന്നത് എങ്ങനെ കുറ്റകരമാകും’; കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി
ഡൽഹി: മസ്ജിദിനുള്ളില്‍ ‘ജയ് ശ്രീറാം’ വിളിക്കുന്നത് കുറ്റകരമല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ നിലപാടിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിഷയത്തില്‍ കര്‍ണാടക സംസ്ഥാനത്തിന്റെ നിലപാട് തേടി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് . ‘അവര്‍ ഒരു പ്രത്യേക മത മുദ്രാവാക്യം വിളിക്കുകയായിരുന്നു. അതെങ്ങനെ കുറ്റമാകും? എന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായി.
മസ്ജിദ് പരിസരത്ത് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ 2024 സെപ്റ്റംബര്‍ 13ലെ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ പരാതിക്കാരന് ഹര്‍ജി സമര്‍പ്പിച്ചത്. ആരെങ്കിലും ‘ജയ് ശ്രീറാം’ എന്ന് വിളിച്ചാല്‍ അത് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്ന് മനസിലാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു.
ഇതുകൂടാതെ, മുസ്ലീം പള്ളിക്കുള്ളില്‍ ‘ജയ് ശ്രീറാം’ വിളിച്ച പ്രതികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന കാര്യത്തിലും സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോട് പ്രതികരണം തേടി. പ്രതികളെ തിരിച്ചറിയുന്നതിന് മുമ്പ് സിസിടിവിയോ മറ്റേതെങ്കിലും തെളിവുകളോ പരിശോധിച്ചിട്ടുണ്ടോയെന്ന് ഡിവിഷന് ബെഞ്ച് ചോദിച്ചു.