വീണ്ടും ടെക്‌നോളജി കൊണ്ട് ഞെട്ടിക്കാനൊരുങ്ങി വാവേയ്
വീണ്ടും ടെക്‌നോളജി കൊണ്ട് ഞെട്ടിക്കാനൊരുങ്ങുകയാണ് ചൈനീസ് ഫോൺ നിർമാതാക്കളായ വാവേയ്. ആപ്പിളിന്റെ എയർഡ്രോപ്പിന് വെല്ലുവിളിയായി കൈകൊണ്ട് ആംഗ്യത്തിലൂടെ ഫോട്ടോകൾ ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് മാറ്റാൻ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയാണ് വാവേയ് കൊണ്ടുവന്നിരിക്കുന്നത്. വാവേയ് മേറ്റ് 70 സീരിസ് ഫോണുകളിലാണ് ഈ ഫ്യൂച്ചറിസ്റ്റിക് സംവിധാനം ലഭ്യമാവുക.
ചൈനീസ് ഭാഷയിൽ ഇറങ്ങിയ ഫോണിന്റെ പുതിയ പരസ്യത്തിൽ വാവേയ് ഫോണിൽ നിന്ന് ഒരു ചിത്രം ആംഗ്യത്തിലൂടെ സമീപത്തെ വാവേയ് ടാബിലേക്ക് മാറ്റുന്ന രംഗമുണ്ട്. ഷോപ്പുകളിൽ നിന്ന് വാവേയ് മേറ്റ് വാങ്ങിയ ചില ടെക് വ്‌ളോഗർമാറും സമാനമായ രീതിയിൽ ഫോട്ടോകൾ മറ്റൊരു ഫോണിലേക്ക് മാറ്റുന്നതിന്റെ വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. സ്‌ക്രീനിന് താഴെയുള്ള ക്യാമറകളും സെൻസറുകളുമാണ് കൈയുടെ ആക്ഷനിലൂടെ ഡാറ്റ ഷെയർ ചെയ്യാൻ സഹായിക്കുന്നത്.
മേറ്റ് 70, മേറ്റ് 70 പ്രോ, മേറ്റ് 70 പ്രോ പ്ലസ് എന്നീ വേരിയന്റുകളാണ് പുതുതായി പുറത്തിറങ്ങിയത്. ചൈനയിൽ മാത്രം പുറത്തിറങ്ങിയിരിക്കുന്ന ഫോണുകൾക്ക് 5,499 യുവാൻ, 6,499 യുവാൻ, 8,499 യുവാൻ എന്നിങ്ങനെയാണ് വില. ഇന്ത്യൻ രൂപയിൽ ഏകദേശം 64,000, 76,000, 99,000 എന്നിങ്ങനെയായിരിക്കും യഥാക്രമം ഈ മോഡലുകളുടെ വില.
ചൈനയിൽ എത്തുന്ന ഐഫോൺ 16-ന് കടുത്ത വെല്ലുവിളിയാണ് പുതിയ വാവേയ് ഫോൺ ഉയർത്തുന്നത്. അമേരിക്കയുടെ ഉപരോധം നേരിടുന്നതിനെ തുടർന്ന് വാവേയ് ഫോണുകൾ തകർന്നേക്കുമെന്ന് വിചാരിച്ചിരുന്നിടത്തേക്കാണ് ടെക് ലോകത്തിനെ ഞെട്ടിച്ചുകൊണ്ട് പുതിയ അപ്‌ഡേറ്റുകളുമായി ഫോൺ എത്തുന്നത്.
വാവേയ് തന്നെ സ്വന്തമായി ഡെവലപ്പ് ചെയ്ത കിരിൻ 6000 പ്രോസസറാണ് വാവേയ് ഫോണിൽ ഉപയോഗിക്കാനുള്ള സാധ്യത. നേരത്തെ മേറ്റ് 60-നിൽ കിരിൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. നേരത്തെ വാവേയ്ക്ക് സോഫ്റ്റ് വെയറുകളും 5 ജി ചിപ്പുകളും ഫോണിന്റെ മറ്റ് ഘടകങ്ങളും വിൽക്കുന്നതിനെ അമേരിക്ക മറ്റു കമ്പനികളെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാവേയ് സ്വന്തമായി സോഫ്റ്റ് വെയറുകളും ചിപ്പുകളും നിർമിച്ച് തുടങ്ങിയത്.
ഉപരോധത്തിന്റെ ഭാഗമായി, വാവേയ് ഫോണുകൾക്ക് ഗൂഗിൾ മൊബൈൽ സേവനത്തിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടിരുന്നു. ജിമെയിൽ, ഗൂഗിൾ മാപ്സ് പോലുള്ള ജനപ്രിയ ആപ്പുകൾ വാവേയിൽ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ HarmonyOS നെക്സ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വാവേയ് ഫോണുകൾ പ്രവർത്തിക്കുന്നത്. ഹാർമണി ഒഎസ് നെക്സ്റ്റ്, ഹാർമണി ഒഎസ് 4.3 എന്നിങ്ങനെ രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ മേറ്റ് 70 ഫോണുകളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇതിൽ താൽപ്പര്യമുള്ള ഫോൺ തിരഞ്ഞെടുക്കാൻ സാധിക്കും.
മൂന്ന് കാമറകളാണ് മേറ്റ് 70 സീരിസിൽ ഉണ്ടാവുക. 4 എക്‌സ് ഒപ്റ്റിക്കൽ സൂം. 100 X ഡിജിറ്റൽ സൂം എന്നിവയാണ് കാമറയുടെ പ്രത്യേകത 100W വയർഡ് ചാർജിങും 80W വയർലെസ് ചാർജിങും ഫോണിന് ഉപയോഗിക്കാം. 5700 mAh ബാറ്ററിയാണ് മേറ്റ് 70 സീരിസ് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. Tiantong, Beidou ഉപഗ്രഹങ്ങൾ വഴി, സിഗ്‌നലില്ലാത്തപ്പോൾ പോലും കോളുകൾ ചെയ്യാനും വാവേയിലൂടെ സാധിക്കും. നിലവിൽ ചൈനയിൽ മാത്രം റിലീസ് ചെയ്യുന്ന ഫോണുകൾ അന്താരാഷ്ട്ര വിപണിയിൽ എത്തുക എപ്പോഴായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.