‘വിഎസിനെ ഭരിച്ചിരുന്നത് മനുഷ്യത്വം’; വേലിക്കകത്ത് വീട്ടിലേക്ക് ജനാവലി

വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ഇപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹം. വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ അടക്കം വസതിയിലെത്തി വിഎസിന് അന്ത്യമോപചാരം അർപ്പിച്ചു. വീട്ടിൽ പൊതുദർശനം ഇല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ വൻ ജനാവലിയാണ് വസതിയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്.
അധികാരമായിരുന്നില്ല വിഎസിനെ ഭരിച്ചിരുന്നത്, വിഎസിനെ ഭരിച്ചത് മനുഷ്യത്വമായിരുന്നുവെന്ന് തൃശൂരിൽ നിന്ന് വിഎസിനെ കാണാനെത്തിയ പൊതുപ്രവർത്തകൻ ജോയ് കൈതാരം പ്രതികരിച്ചു. എല്ലാം എല്ലാവർക്കും വേണ്ടിയെന്ന മനോഭാവമായിരുന്നു വിഎസിന്. തികഞ്ഞ മാനവീകിയത ഉൾക്കൊണ്ട ജനകീയ നേതാവായിരുന്നു അദേഹമെന്ന് ജോയ് കൈതാരം പറഞ്ഞു. ഒമ്പത് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം.