“സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ട്”; സാമുവൽ ജെറോം

യെമനിൽ വധിക്കപ്പെട്ട തലാൽ മുഹമ്മദിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സാമുവൽ ജെറോം. “സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എന്നും, എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ടെന്നും സാമുവൽ ജെറോം വ്യക്തമാക്കി.
നിമിഷ പ്രിയയുടെ മോചനത്തിനായി താൻ മധ്യസ്ഥനായി നടത്തുന്ന ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. “താൻ അഭിഭാഷകനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല” , ഇപ്പോൾ പ്രതികരിച്ച് ഒരു വ്യക്തിയേയും പ്രകോപിപ്പിക്കാനില്ലെന്നും സാമുവൽ കൂട്ടിച്ചേർത്തു.
അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിലാണ് സാമുവൽ ജെറോമിനെതിരെ തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്. “സാമുവൽ ജെറോം മധ്യസ്ഥതയുടെ പേരിൽ പണം തട്ടിച്ചുവെന്നും. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഞങ്ങളുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല” എന്നും അദ്ദേഹം കുറിച്ചു. അറബിയിലുള്ള കുറിപ്പിന്റെ മലയാളം, ഇംഗ്ലീഷ് വിവർത്തനങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
“ഒരിക്കൽ പോലും കാണുകയോ സന്ദേശമയക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന് ഇതിനു മറുപടിയായി എന്തെങ്കിലും തെളിവുകൾ നൽകാൻ കഴിയുമോ എന്ന് അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്,” എന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി. വധശിക്ഷക്ക് യെമൻ പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ച ദിവസം, സനായിൽ വച്ച് കണ്ടുമുട്ടിയിരുന്നു. അന്ന് സാമുവൽ ജെറോം “ഒരായിരം അഭിനന്ദനങ്ങൾ” പറഞ്ഞതായി അബ്ദുൽ ഫത്താഹ് കുറിച്ചു.
പിന്നീട്, സാമുവൽ ജെറോം മോചനത്തിനായി 20,000 ഡോളർ ശേഖരിക്കാൻ അഭ്യർത്ഥിച്ചതായും, അതിനെക്കുറിച്ച് മാധ്യമങ്ങൾ മുഖേന മാത്രമാണ് തങ്ങൾക്ക് അറിയാൻ കഴിഞ്ഞതെന്നും അബ്ദുൽ ഫത്താഹ് പറഞ്ഞു. “വർഷങ്ങളായി സാമുവൽ ജെറോം ‘മധ്യസ്ഥത’ എന്ന പേരിൽ നമ്മുടെ ദു:ഖവും രക്തവും പണമാക്കുകയാണ്” എന്നാണു അദ്ദേഹത്തിന്റെ ആരോപണം.
“ഞങ്ങൾക്ക് സത്യം അറിയാം. അദ്ദേഹം നുണ പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ സത്യം വെളിപ്പെടുത്തും,” എന്ന സന്ദേശത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
Tag: Samuel Jerome react abdul fathah mahdi