അനിശ്ചിതകാല ബസ് സമരം; ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച നടത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേംബറിലാണ് കൂടിക്കാഴ്ച. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നത് അടക്കം ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചത്.
വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. 32000 ബസുകള്‍ ഉണ്ടായിരുന്ന വ്യവസായം ഇപ്പോള്‍ 7000 ബസിലേക്ക് ചുരുങ്ങി. അതുകൊണ്ട് ഇനിയും ഈ പ്രശ്നങ്ങളിൽ ഇടപെട്ടില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം എട്ടിന് ഈ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്.