മ്യാന്‍മറിലെ അപൂര്‍വ ധാതുക്കളില്‍ കണ്ണ് വച്ച് അമേരിക്ക, ചൈനയെ മറികടക്കാന്‍ ഇന്ത്യന്‍ സഹായവും വേണം

അത്യപൂര്‍വവും തന്ത്രപ്രധാനവുമായ റെയര്‍ എര്‍ത്ത് മിനറല്‍സിന്റെ ലഭ്യത ഉറപ്പാക്കാന്‍ മ്യാന്‍മറിനോടുള്ള നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ധാതുക്കളുടെ പ്രധാന ഉപഭോക്താവായ ചൈനയുടെ സ്വാധീനം കുറയ്ക്കുകയാണ് ലക്ഷ്യം. മ്യാന്‍മറിലെ കച്ചിന്‍ മേഖലയിലെ ഖനികള്‍ ഹെവി റയര്‍ എര്‍ത്ത് ധാതുക്കളുടെ പ്രധാന ഉത്പാദകരാണ്. ഇവ ചൈനയിലേക്ക് കയറ്റി അയച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. മ്യാന്‍മറിലെ റെയര്‍ എര്‍ത്ത് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് വിമതരാണ്. ഇവരുമായി ഒരു ധാരണയിലെത്തിയാല്‍ മാത്രമേ അമേരിക്കയ്ക്ക് ഈ ധാതുക്കള്‍ സ്വന്തമാക്കാന്‍ സാധിക്കൂ. നിലവില്‍, മ്യാന്‍മറിലെ ഭരണകൂടത്തിനെതിരായ നിലപാടാണ് യുഎസിന്റേത്. 2021-ല്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം അമേരിക്ക സൈനിക നേതൃത്വവുമായി അകലം പാലിക്കുകയാണ്.
റെയര്‍ എര്‍ത്ത് ധാതുക്കളുടെ പ്രാധാന്യം
17 ലോഹങ്ങളുടെ ഒരു കൂട്ടമാണ് റെയര്‍ എര്‍ത്ത് ധാതുക്കള്‍. യുദ്ധവിമാനങ്ങളും മറ്റ് ഉയര്‍ന്ന ശേഷിയുള്ള ആയുധങ്ങളും നിര്‍മ്മിക്കാന്‍ ‘ഹെവി റെയര്‍ എര്‍ത്ത്’ ധാതുക്കള്‍ അത്യന്താപേക്ഷിതമാണ്. അമേരിക്ക ഈ ധാതുക്കള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. അതിനാല്‍ ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ലോകത്തിലെ റെയര്‍ എര്‍ത്ത് സംസ്‌കരണ ശേഷിയുടെ ഏകദേശം 90% വും ചൈനയ്ക്കാണ്. ഇത് ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തില്‍ ട്രംപ്ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മ്യാന്‍മറിലെ സൈനിക ഭരണകൂടവുമായി ഇടപെടുന്നത് അമേരിക്കയുടെ നിലവിലെ നയത്തില്‍ നിന്ന് വലിയൊരു മാറ്റമായിരിക്കും. സൈനിക നേതാക്കള്‍ക്കെതിരെ അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ റോഹിങ്ക്യന്‍ ന്യൂനപക്ഷത്തിനെതിരെ നടന്ന അക്രമങ്ങളെ അമേരിക്ക വംശഹത്യയായും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളായും വിശേഷിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ട്രംപ് ഭരണകൂടം മ്യന്‍മറിലെ ചില സൈനിക ഭരണകൂട സഖ്യകക്ഷികള്‍ക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇത് മ്യാന്‍മറിനോടുള്ള അമേരിക്കന്‍ നയത്തില്‍ വലിയ മാറ്റമൊന്നും വരുത്തുന്നില്ലെന്നാണ് യു.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നത്.