പുതിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ
പ്രതിരോധ രംഗത്ത് കൂടുതൽ മുന്നേറ്റം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ പുതിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ ഒരുങ്ങുന്നു. 1,000 കിലോമീറ്ററിലധികം ദൂരത്തിൽ സഞ്ചരിക്കുന്ന യുദ്ധക്കപ്പലുകൾ അല്ലെങ്കിൽ വിമാനവാഹിനിക്കപ്പലുകളോ ലക്ഷ്യം വെയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള മിസൈൽ ആണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന മിസൈൽ വരും ദിവസങ്ങളിൽ പരീക്ഷിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കപ്പലുകൾക്ക് പുറമെ തീരദേശത്തെ ലക്ഷ്യ സ്ഥാനങ്ങളിലേക്കും മിസൈൽ വിക്ഷേപിക്കാൻ സാധിക്കും.
നാവിക സേനയ്ക്കായി നിർമിക്കുന്ന മിസൈൽ ശത്രു കപ്പലുകളെ ദീർഘദൂരത്തിൽ നിന്ന് തന്നെ തകർക്കാൻ സാധിക്കും. ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള മിസൈലുകളുടെ എണ്ണം കൂട്ടാനാണ് ഇന്ത്യയുടെ തീരുമാനം. ഹ്രസ്വ, ഇടത്തരം ദൂര മിസൈലുകളുടെ എണ്ണം ക്രമേണ വർധിപ്പിക്കും. സമീപകാലത്തായി, ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളിൽ ബാലിസ്റ്റിക് മിസൈലുകളുടെ വലിയ തോതിലുള്ള ഉപയോഗം ഉണ്ടായിരുന്നു. ചൈനയടക്കമുള്ള രാജ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാണ് നിലവിൽ പുതിയ ആയുധ ശേഖരങ്ങൾ ഇന്ത്യ സ്വന്തമാക്കുന്നത്. എല്ലാ തരത്തിലുമുള്ള സുരക്ഷാ വെല്ലുവിളികളെയും നേരിടാൻ സജ്ജരാകേണ്ടതിനെ കുറിച്ച് ഇന്ത്യൻ സേന വിശദമായ ചർച്ചകൾ നടത്തിയുരുന്നു.
നിരവധി മിസൈലുകളും ആണവായുധങ്ങളും സ്വന്തമായുള്ള ചൈനയുമായി വടക്ക് കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഈ വെല്ലുവിളികളെയും നേരിടുന്നതിനാണ് ഇന്ത്യ ആയുധ ശേഖരം വർധിപ്പിക്കുന്നത്.