ട്രെയിൻ യാത്രക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി റെയിൽവേ

ന്യൂഡൽഹി: ദീർഘകാലമായുള്ള ഇടവേളക്ക് ശേഷം പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ചെറിയ വർധനവിന് റെയിൽവെ ഒരുങ്ങുന്നു. ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റെയിൽവെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. നോൺ എസി മെയിൽ എക്‌സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസ് ടിക്കറ്റുകൾക്ക് രണ്ടുപൈസയും അധികം ഈടാക്കാൻ റെയിൽവെ ആസൂത്രണം ചെയ്തിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. എന്നാല്‍ 500 കിലോമീറ്റർ മുകളിലുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കായി ഓരോ കിലോമീറ്ററിനും അര പൈസയുടെ നിരക്കിൽ ടിക്കറ്റ് വർധിക്കും. അതേസമയം പ്രതിമാസ സീസൺ ടിക്കറ്റുകളിൽ വില വർധനവുണ്ടാകില്ല.