ചൈനയില്‍ നിന്ന് ചെങ്ദു J-10C ഫൈറ്റര്‍ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ചൈനയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇറാൻ. അമേരിക്കയും ഇസ്രയേലും കനത്ത വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് തീരുമാനം. ചൈനീസ് ചെങ്ദു J-10C ഫൈറ്റര്‍ ജെറ്റുകളാണ് ഇറാന്‍ വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടതോടു കൂടിയാണ് ചൈനീസ് ജെറ്റുകള്‍ വാങ്ങാന്‍ ഇറാന്‍ തീരുമാനിച്ചത്. പാകിസ്ഥാൻ വ്യോമസേനയുടെ കൈവശമുളള പിഎല്‍ 15 മിസൈലുകളുമായി സാമ്യമുളളവയാണ് ഈ യുദ്ധവിമാനങ്ങള്‍. പാകിസ്ഥാൻ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യയുമായുളള സംഘര്‍ഷത്തിനിടെ പ്രയോഗിച്ച ജെറ്റാണ് ഇത്.
റഷ്യയുമായുളള SU-35 വിമാനങ്ങള്‍ വാങ്ങാനുളള കരാര്‍ പരാജയപ്പെട്ടിരുന്നു. 4.5 ജനറേഷന്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനമായ ചെങ്ദു സ്വന്തമാക്കാനായി ഇറാന്‍ ചൈനയുമായുളള ചര്‍ച്ചകള്‍ ശക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്ന് J-10C യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ നേരത്തെ തന്നെ ഇറാന്‍ ശ്രമം നടത്തിയിരുന്നു. 2015-ല്‍ ചൈനയില്‍ നിന്ന് 150 ജെറ്റുകള്‍ വാങ്ങാനാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍, വിദേശ കറന്‍സി ഉപയോഗിച്ച് പണം നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. എണ്ണയും വാതകവും പകരം നല്‍കാനായിരുന്നു ഇറാന്റെ തീരുമാനം. അക്കാലത്ത് ഇറാനെതിരായ ഐക്യരാഷ്ട്ര സഭയുടെ ആയുധ ഉപരോധവും കരാര്‍ പരാജയപ്പെടാന്‍ മറ്റൊരു കാരണമായി.
ഇറാന്‍ വ്യോമസേനയുടെ കൈവശം 150 യുദ്ധവിമാനങ്ങളാണ് നിലവിലുളളത്. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് മുന്‍പ് സ്വന്തമാക്കിയ ശീതയുദ്ധകാലത്തെ അമേരിക്കന്‍ ജെറ്റുകളും ചില സോവിയറ്റ് ജെറ്റുകളുമാണ് ഇറാനുളളത്. F-4 ഫാന്റംസ്, F-5 E/F ടൈഗേഴ്‌സ്, F-14A ടോംകാറ്റ്‌സ്, മിഗ് 29 എന്നിവയും അതില്‍ ഉള്‍പ്പെടുന്നു. ഇറാന്റെ യുദ്ധവിമാനങ്ങളില്‍ ഭൂരിഭാഗവും കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമാണ് എന്നാണ് ലണ്ടന്‍ ആസ്ഥാനമായുളള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ഓപ്പണ്‍ റിപ്പോര്‍ട്ടായ ദി മിലിട്ടറി ബാലന്‍സ് പറയുന്നത്.
Tag: Iran to buy Chengdu J-10C fighter jets from China