Latest News

‘ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ല’; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

 ‘ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ല’; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ആക്രമണങ്ങളെ തുടർന്ന് ആണവ കേന്ദ്രങ്ങൾക്ക് ഒന്നും സംഭവിച്ചട്ടില്ലെന്ന ഇറാന്റെ അവകാശവാദവും അമേരിക്കൻ പ്രസിഡന്റ് തളളി കളഞ്ഞു. ഇന്നലെ ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് ആവർത്തിച്ചത്. ഇറാൻ്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയെ യുഎസ് ലക്ഷ്യം വെച്ചുവെന്നും ട്രംപ് ആവർത്തിച്ചു. തെഹ്റാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘവും സ്ഥിരീകരിക്കുന്നത്. ആണവ പദ്ധതികൾ സിവിലിയൻ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണെന്നാണ് ഇറാന്റെ വാദമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേ സമയം, ആണവായുധം നിർമ്മിക്കുന്നതിനായുളള ഇറാൻ്റെ ഏറ്റവും സമ്പുഷ്ടമായ യുറേനിയത്തിൻ്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നത് ഫോർദോയിലാണ്. ആക്രമണത്തിൽ ഫോർദോ പ്ലാൻ്റിൽ കേടുപാടുകൾ സംഭവിച്ചോ ഇല്ലയോ എന്ന് വ്യക്തമല്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) സ്ഥിരീകരിക്കുന്നത്. ഇറാന് വേണമെങ്കിൽ ഒരു മാസം കൊണ്ട് യുറേനിയം സമ്പുഷ്ടീകരണം പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഡയറക്ടർ ജനറൽ റഫേൽ ​ഗ്രോസിയും അറിയിച്ചിരുന്നു. ഐഎഈഎ റിപ്പോർട്ട് അനുസരിച്ച്, ഇറാനിൽ 400 കിലോ (880lb) യുറേനിയം 60 ശതമാനം വരെ ശുദ്ധിയുള്ളതാണ്. ഏകദേശം 90 ശതമാനം ആയുധ ഗ്രേഡിന് അടുത്താണ്. ഇറാന് ഒമ്പത് ആണവായുധങ്ങൾ ഉണ്ടാക്കുന്നതിനായി ഇത് കൂടുതൽ സമ്പുഷ്ടമാക്കിയാൽ മതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആയുധമുണ്ടാക്കുന്നതിന് തൊട്ടുതാഴെയുള്ള 60 ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ ഇറാനിയൻ ശേഖരത്തെക്കുറിച്ചും അദ്ദേഹം ആശങ്കകൾ ഉന്നയിച്ചു. ഇത് കൂടുതൽ ശുദ്ധീകരിച്ചാൽ സാങ്കേതികമായി ഒമ്പതിലധികം ന്യൂക്ലിയർ ബോംബുകൾ ഉത്പാദിപ്പിക്കാൻ ഇറാന് കഴിയുമെന്നും ​ഗ്രോസി കൂട്ടിച്ചേർത്തു. ഇസ്രയേലിൻ്റെയും അമേരിക്കയുടെയും ആക്രമണത്തിന് മുമ്പ് ഈ ശേഖരം മാറ്റിയതാണോ അതേ അതോ ഭാഗികമായി നശിച്ചോയെന്ന് ഐഎഇഎയ്ക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാസങ്ങൾക്കുള്ളിൽ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശേഷി കൈവരിക്കുമെന്നും ഇത് ഇസ്രയേലിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ജൂൺ 13ന് ഇസ്രയേൽ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. എന്നാൽ ഇസ്രയേലിന്റെ അവകാശവാദം ഇറാൻ അം​ഗീകരിച്ചിരുന്നില്ല. ഇസ്രയേൽ ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചെങ്കിലും ഭൂ​ഗർഭ ആണവകേന്ദ്രമായ ഫോർദോയിലെ ആണവകേന്ദ്രത്തിന് നാശം വരുത്താൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഫോർദോ അടക്കം ഇറാനിലെ മൂന്ന് ആണവ നിലയങ്ങൾ അമേരിക്ക് ബി2 ബോംബറുകൾ ഉപയോ​ഗിച്ച് തകർത്തത്. ബങ്കർ ബ്ലസ്റ്റർ ബോംബുകളിലൂടെ മൂന്ന് കേന്ദ്രങ്ങൾ തകർത്തതായി അമേരിക്ക അറിയിച്ചിരുന്നു. ഇറാൻ്റെ ആണവ പദ്ധതിയെ തകർത്തെന്നും അമേരിക്കയും അവകാശപ്പെട്ടിരുന്നു.

12 ദിവസത്തോളം നീണ്ടുനിന്ന തുറന്ന യുദ്ധത്തിൽ അമേരിക്കയും പങ്കാളികളായിരുന്നു. ഇറാനിലെ മൂന്ന് ആണവനിലയങ്ങളിൽ അമേരിക്കയുടെ ബി2 ബോംബർ വിമാനങ്ങൾ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചിരുന്നു. ഇതിന് പിന്നാലെ ഖത്തറിലെ അമേരിക്കയുടെ അൽ-ഉദെയ്ദ് സൈനിക താവളത്തിനും ഇറാഖിലെ സൈനിക താവളത്തിനും എതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂൺ 24ന് ഖത്തറും അമേരിക്കയും മുൻകൈ എടുത്ത് ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.

Tag: ‘Iran will not be allowed to build nuclear weapons’: US President Donald Trump

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes