കുട്ടികളുടെ പഠനത്തിൽ AI യുടെ ഉപയോഗം ഗുണകരമാണോ അതോ ദോഷമാണോ?
AI ടെ വരവ് ഇന്ന് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ കുട്ടികളുടെ പഠനത്തിൽ AI യുടെ ഉപയോഗം ഗുണകരമാണോ അതോ ദോഷമാണോ?
മനുഷ്യ മസ്തിഷ്കത്തെ അടിസ്ഥാനമാക്കിയാണ് AI രൂപകല്പന ചെയ്തിരിക്കുന്നത്. 1950-കളുടെ പകുതി മുതൽ AI സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലുള്ള കുട്ടികൾക്കിടയിലും AIയുടെ വരവ് മാറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പഠനരീതികളെ മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് പഠനത്തിൽ വേഗതയും അവർക്ക് ആവശ്യമായ ഉള്ളടക്കവും നൽകാൻ AI ക്ക് സാധിക്കും. ആവശ്യമുള്ള വിഷയങ്ങളുടെ ഉദാഹരണങ്ങൾ അടക്കം AI ക്ക് നൽകാൻ സാധിക്കും. ഏറ്റവും വലിയ പ്രത്യേകത ഒരു വിഷയത്തെ പറ്റി ഒന്നിലധികം ആശയങ്ങൾ നൽകാൻ AI ക്ക് സാധിക്കും. വിവിധ വെബ്സൈറ്റുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് അത് നന്നായി ഫോർമാറ്റ് ചെയ്ത് ആവശ്യമുള്ള രീതിയിലാണ് നൽകുന്നത്.
യുണിസെഫിലെ ശിശു ആരോഗ്യ വിദഗ്ധർ നടത്തിയ പഠന പ്രകാരം ലോകമെമ്പാടുമുള്ള കുട്ടികൾ മിക്കവാറും എല്ലാ ദിവസവും AI ഉപയോഗിക്കുന്നു. കുട്ടികൾക്കായി നിർമ്മിച്ച മിക്ക സംവേദനാത്മക കളിപ്പാട്ടങ്ങളും ഗെയിമുകളും ഇൻ്റർനെറ്റ് പ്ലാറ്റ്ഫോമുകളും AI സാങ്കേതികവിദ്യയെ ആശ്രയിച്ചിരിക്കുന്നതാണ്. കുട്ടികൾക്ക് അറിയേണ്ടതും അവർക്ക് മനസിലാകേണ്ടതുമായ കാര്യങ്ങൾ എല്ലാം പറഞ്ഞു തരുന്ന ഒരു സ്പീക്കറായി മാറി കഴിഞ്ഞു ഇന്ന് AI.
എന്നാൽ കുട്ടികൾ ഏറെ ആശ്രയിക്കുന്നതും അവർ ആരാധിക്കുന്നതുമായ AI ക്ക് ഏറെ ദോഷവശങ്ങളുമുണ്ട്. പലപ്പോഴും ഫീഡ് ചെയ്തിട്ടുള്ള ഡാറ്റകളാണ് AI നൽകുന്നത്. അതുകൊണ്ട് തന്നെ പല ഉത്തരങ്ങളും കുട്ടികൾ അതേപടി സ്വീകരിക്കും. എന്നാൽ എല്ലാം ശരിയാകണം എന്നുമില്ല. AI നൽകുന്ന ഈ ഉത്തരങ്ങൾ ഭാവിയിൽ കുട്ടികളെ ബാധിക്കാൻ സാധ്യതയുമുണ്ട്. പലപ്പോഴും കുട്ടികൾ തിരയുന്ന വിവരങ്ങളുടെയും അവർ ശേഖരിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ തട്ടിപ്പുകാർക്ക് ഡാറ്റ ചോർത്തിയെടുക്കാൻ സാധിക്കും. വിവരങ്ങൾക്കായി AIയെ പൂർണ്ണമായി ആശ്രയിക്കുന്നത് ശരിയല്ല, AIയെ അമിതമായി ആശ്രയിക്കുന്നത് കുട്ടികളിൽ അവരുടെ ചിന്താശക്തി കുറയ്ക്കാനും പുതിയ കഴിവുകൾ കണ്ടെത്തുന്നതിൽ കുറവുണ്ടാക്കും.
AIയുടെ ഗുണഫലങ്ങൾ തിരിച്ചറിയുന്നതിലും കുട്ടികളെ അത് സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ദൈനംദിന ജീവിതത്തിൽ AI കൊണ്ടുവരുന്ന മാറ്റങ്ങളും അവ കുട്ടികളിൽ ഉണ്ടാക്കാവുന്ന മാറ്റങ്ങളും മാതാപിതാക്കൾ അറിഞ്ഞിരിക്കണം. ഒരു സമീപകാല പഠന റിപ്പോർട്ടിൽ പറയുന്നത് നാലിലൊന്ന് എന്ന കണക്കിലേ മാതാപിതാക്കള്‍ക്ക് തങ്ങുടെ കുട്ടികൾ എ ഐ ഉപയോഗിക്കുന്നതായി അറിയുകയുള്ളു എന്നാണ്. എങ്കില്‍ പോലും കുട്ടികളിലും മുതിർന്നവരിലും പഠനവിഷയങ്ങളിലുള്ള കാര്യക്ഷമമായ ആശയവിനിമയം മെച്ചപ്പെടുത്താനും ഈ മേഖലയിൽ കൂടുതൽ വളർച്ച ഉണ്ടാക്കാനും AI-യുടെ വരവ് സഹായിക്കുന്നു.