ഗ്രെറ്റ തൻബർഗ് ഉൾപ്പെടെയുള്ള 12 ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കാൻ ഇസ്രയേൽ

എഫ്എഫ്സി സംഘടിപ്പിച്ച ദൗത്യത്തിന്റെ ഭാഗമായി മാഡ്‌ലീൻ ബോട്ടില്‍ പലസ്തീനിലേക്ക് പുറപ്പെട്ട ഗ്രെറ്റ തൻബർഗ് ഉൾപ്പെടെയുള്ള 12 ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കാനായി ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് മന്ത്രാലയം ഈ കാര്യം അറിയിച്ചത്. അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിൽ നിന്ന് മടങ്ങും. നാടുകടത്തൽ രേഖകളിൽ ഒപ്പിടാൻ വിസമ്മതിക്കുന്നവരെ ഇസ്രയേലി നിയമം അനുസരിച്ച് ജുഡീഷ്യൽ അതോറിറ്റിയുടെ മുമ്പാകെ ഹാജരാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധിമാർ ഇവരെ വിമാനത്താവളത്തിൽ എത്തി കണ്ടാതായും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാഡ്‌ലീന്‍ ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ഇസ്രയേലിലെ അഷ്‌ദോദ് തുറമുഖത്തേക്ക് കൊണ്ടുപോയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ സ്വീഡിഷ് കാലാവസ്ഥാ പ്രചാരണ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗിന്റെ ഫോട്ടോ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തു വിടുകയും ചെയ്തിരുന്നു. ഗ്രെറ്റയുൾപ്പെടെയുളള പതിനൊന്ന് യാത്രക്കാർ വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം തന്നെ അറിയിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.
മാഡ്‌ലീന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ എവിടെയാണെന്ന് വ്യക്തമല്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിന് പിന്നാലെ യാത്രക്കാർ സുരക്ഷിതമായി ഇസ്രയേലി തീരത്തേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കി ഇസ്രയേൽ രംഗത്തെത്തിയത്. എഫ്എഫ്സി സംഘടിപ്പിച്ച ഒരു ദൗത്യത്തിന്റെ ഭാഗമായുള്ള മാഡ്‌ലീൻ ബോട്ടില്‍ പലസ്തീന്‍ അനുകൂല വിഭാഗമായിരുന്നുവെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ജൂണ്‍ ആറിനാണ് ബോട്ടില്‍ സിസിലിയില്‍ നിന്ന് പുറപ്പെട്ടത്. ഇന്നലെ (ജൂണ്‍ 9) വൈകുന്നേരം ഇസ്രയേല്‍ സൈനികര്‍ തടയാതെ ഗാസ മുനമ്പിലെത്തുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യമെന്ന് സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
സ്വീഡിഷ് കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബര്‍ഗ്, യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍, ജര്‍മന്‍ ആക്ടിവിസ്റ്റ് യസെമിന്‍ അകാര്‍, ഫ്രീഡം ഫ്‌ളോട്ടില്ല കോയലിഷന്റെ (എഫ്എഫ്‌സി) സിറ്റീറിങ് കമ്മിറ്റി അംഗവും ഫ്രീഡം ഫ്‌ളോട്ടില്ല കോയലീഷന്‍ ബ്രസീലിന്റെ അംഗവുമായ തിയാഗോ അവില, ഫ്രാന്‍സിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സംവിധായകനുമായ യാനിസ് മഹ്‌മദി, അല്‍ജസീറയിലെ കറസ്‌പോണ്ടന്റ് ഒമര്‍ ഫയാദ്, എന്‍ജിഒയായ സീ ഷെപ്‌ഹെര്‍ഡിന്റെ പ്രതിനിധി സെര്‍ജിയോ ടൊറിബിയോ, ഫ്രഞ്ച് ഡോക്ടറും ആക്ടിവിസ്റ്റുമായ ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ, ടര്‍ക്കിഷ് ആക്ടിവിസ്റ്റ് സുഐബ് ഒര്‍ദു, ഡച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മാര്‍ക് വാന്‍ റെന്നെസ്, ഫ്രഞ്ച് പൗരന്‍ റെവ വിയാര്‍ഡ്, പസ്‌കല്‍ മൗറിയറസ് എന്നിവരായിരുന്നു ഇസ്രയേൽ തടഞ്ഞ മാഡ്‌ലീനിലുണ്ടായിരുന്നത്.