അത് ഇന്ത്യ പറയുന്നയാളല്ല, വെറും ‘സാധാരണക്കാരൻ’; ഭീകരനെക്കുറിച്ച് പാക്ക് മുൻ വിദേശകാര്യമന്ത്രി

ആഗോള ഭീകരപ്പട്ടികയിലുള്ള ഭീകരനെ ‘സാധാരണക്കാരൻ’ എന്നു വിശേഷിപ്പിച്ച് പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖർ.
മേയ് 7ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരച്ചടങ്ങുകൾക്ക് റൗഫ് നേതൃത്വം നൽകുന്ന ചിത്രം പുറത്തുവന്നിരുന്നു.
കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരത്തിന് നേതൃത്വം നൽകിയ ഹാഫിസ് അബ്ദുൽ റൗഫ് ഒരു സാധാരണ പാക്കിസ്ഥാൻ പൗരനാണെന്നും യുഎസ് പട്ടികയിലുള്ള ആഗോള ഭീകരനല്ലെന്നും ഹിന റബ്ബാനി പറഞ്ഞു. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് ജമാഅത്തുദ്ദ അവ പ്രവർത്തകനും ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടയാളുമായ ഹാഫിസ് അബ്ദുൽ റൗഫിനെ ഹിന റബ്ബാനി, ‘സാധാരണക്കാരൻ’ എന്നു വിശേഷിപ്പിച്ചത്.
‘ലോകമെമ്പാടും പങ്കുവച്ചിരിക്കുന്ന തെളിവുകൾ ഉപയോഗിച്ച്, ഇന്ത്യ അവകാശപ്പെടുന്ന ആളല്ല ഇതെന്ന് ഞാൻ നിങ്ങളോട് വ്യക്തമായി പറയുന്നു. പാകിസ്ഥാനിൽ ഒരു ദശലക്ഷം അബ്ദുൽ റൗഫുകളുണ്ട്.’’സംസ്കാര ചടങ്ങിൽ റൗഫ് പങ്കെടുക്കുന്നതായി കാണിച്ചുകൊണ്ട് പ്രചരിച്ച ചിത്രം ചൂണ്ടിക്കാട്ടി ഹിന റബ്ബാനി പറഞ്ഞു.പാക്കിസ്ഥാൻ സൈന്യം ഈ മനുഷ്യനെ മാത്രമാണ് പ്രതിരോധിക്കുന്നതെന്നും യുഎസ് ഉപരോധപ്പട്ടികയിലുള്ള ആളെ അല്ലെന്നും ഹിന റബ്ബാനി കൂട്ടിച്ചേർത്തു.