മാസപ്പടി മാത്രമല്ല, വീണാ വിജയന് മറ്റു സഹായങ്ങളും സി.എം.ആർ.എൽ നൽകിയെന്ന് വിവരം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്ന് വിവരം. വീണയുടെ യാത്ര, താമസ ചെലവുകള്‍ അടക്കം സിഎംആർഎല്‍ വഹിച്ചെന്നാണ് വിവരം ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ വിവരം തേടി.
വീണയുടെ മൊഴി എടുക്കലിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നത്. സിഎംആർഎല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സിഎംആർഎല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്. വീണാ വിജയന്റെ കമ്പനിയായ എക്സലോജിക്കുമായി ബന്ധപ്പെട്ട എസ് എഫ് ഐ ഒ വിവരശേഖരണം പൂർത്തിയായി.
അതേസമയം, സിഎംആർഎല്ലിന്റെ മറ്റ് ഇടപാടുകളില്‍ അന്വേഷണം തുടരും. വീണാ വിജയന് പുറമേ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. ഇതടക്കം സിഎംആർഎല്ലില്‍ നിന്ന് പണം പുറത്തേക്ക് ഒഴുകിയതിലാണ് അന്വേഷണം.