Latest News

ജെഎസ്കെ നാളെ തിയറ്ററുകളിൽ; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും

 ജെഎസ്കെ നാളെ തിയറ്ററുകളിൽ; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും

‘ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിര്‍മ്മാതാക്കളായ കോസ്‌മോസ് എന്റർടൈൻമെന്റ്സ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എന്‍ നഗരേഷ് പരിഗണിക്കുന്നത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയെന്ന കാര്യം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും കോടതിയെ അറിയിക്കും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. സമവായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പരിഹാരമുണ്ടായ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കും. അതേസമയം, ജെഎസ്കെയുടെ ബുക്കിങ്ങും ഇന്ന് ആരംഭിക്കും. ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ജൂലൈ 17ന് ജെഎസ്കെ തിയറ്റുകളിലേക്ക് എത്തുകയാണ്. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായി എത്തുന്ന ജെഎസ്കെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീസായി എത്തുക. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൻ്റെ ട്രെയ്‌ലർ ട്രെന്‍റിങ് ലിസ്റ്റില്‍ ഇടംനേടി കഴിഞ്ഞു.

സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് നായികാ കഥാപാത്രങ്ങൾ ചെയ്യുന്നത്. ആരാധകർക്കും സിനിമ പ്രേമികൾക്കും ആവേശം പകരുന്ന രീതിയിലാണ് സുരേഷ് ഗോപിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes