Latest News

കെ സുധാകരന്റെ വീഡിയോ കോൾ വിവാദത്തിൽ; പ്രതിരോധത്തിലായി കോൺ​ഗ്രസ്

 കെ സുധാകരന്റെ വീഡിയോ കോൾ വിവാദത്തിൽ; പ്രതിരോധത്തിലായി കോൺ​ഗ്രസ്

തൃശ്ശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീഡിയോ കോൾ വിവാദത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് കോൺ​ഗ്രസ്. സിപിഐഎം പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെ സുധാകരന്‍ നടത്തിയ ഫോൺ സംഭാഷണമാണ് വിവാദമായിരിക്കുന്നത്. താനെത്തിയിട്ട് തിരിച്ചടിക്കാമെന്ന കെ സുധാകരന്റെ ആക്രമണ ആഹ്വാനം സിപിഐഎം ഇതിനോടകം പ്രചരായുധമാക്കിക്കഴിഞ്ഞു. താന്‍ വന്നിട്ട് സിപിഐഎമ്മുകാരെ തിരിച്ചടിക്കാമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് വീഡിയോകോളില്‍ കെ സുധാകരന്‍ പറയുന്നത്.

കെ.സുധാകരന്‍: നിങ്ങള്‍ ആള് ഇണ്ടായിട്ടില്ല?

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: ഞങ്ങള്‍ ആള്‍ക്കാര് കുറവാരുന്നു. ഞാനും വേറെ ഒരുത്തനുമേ ഉണ്ടാരുന്നുള്ളൂ. പിന്നെ അതുകഴിഞ്ഞിട്ടാണ് എല്ലാവരും എത്തിയത്.

കെ.സുധാകരന്‍: ഞാന്‍ നാളെ വരാന്‍വേണ്ടി തീരുമാനിച്ചതാണ്. ഞാന്‍ മറ്റന്നാളേ എത്തുകയുള്ളൂ. മറ്റന്നാള്‍ രാവിലെ എത്തും. ഒന്നും ബേജറാകേണ്ട കേട്ടാ. ഞാന്‍ വന്നിട്ട് നമുക്ക് തിരിച്ചടിക്കാ. ഇതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

കെ സുധാകരന്റെ ഈ പ്രസ്താവനയെ വ്യക്തിപരമായ ഒന്നായി കാണാനാവില്ലെന്നാണ് സിപിഐഎം നിലപാട്. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ നീതിപൂർവ്വവും നിഷ്പക്ഷവുമായി ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കാനാണ് കോൺ​ഗ്രസ് ശ്രമമെന്നും ആരോപണമുയരുന്നുണ്ട്.

കഴിഞ്ഞദിവസം വൈകിട്ട് ചെറുതുരുത്തിയിലാണ് സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് സിപിഐം ആരോപിക്കുന്നത്. എന്നാല്‍, ചെറുതുരുത്തി സി.ഐ സിപിഐഎം പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സി ഐയെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് കത്തയച്ചിട്ടുണ്ട്.

സംഭവത്തില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ഏരിയ കമ്മിറ്റിയംഗവുമായ ഷേഖും കേസില്‍ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes