കളര്‍കോട് വാഹനാപകടം; ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി. നാല് പേരുടെ നില മെച്ചപ്പെട്ടതായി പ്രത്യേകം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്‌സിന്‍, കൃഷ്ണദേവ് എന്നിവരുടെ നിലയാണ് മെച്ചപ്പെട്ടത്. രണ്ട് പേരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവര്‍ മരുന്നുകളോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കുന്നുണ്ട്.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആല്‍വിന്‍ ജോര്‍ജിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. അഞ്ച് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാഹനാപകടത്തില്‍ ഗുരുതര പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടത് ഷെയ്ന്‍ എന്ന വിദ്യാര്‍ത്ഥി മാത്രമാണ്.
സംഭവത്തില്‍ കാറിന്റെ ഉടമ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരായിരുന്നു. നോട്ടീസ് നല്‍കി ഷാമില്‍ ഖാനെ ആര്‍ടിഒ വിളിപ്പിക്കുകയായിരുന്നു. വാഹനം വില്‍ക്കുകയും വാടകയ്ക്ക് നല്‍കി വരികയും ചെയ്യുന്നയാളാണ് ഷാമില്‍. പരിചയത്തിന്റെ പേരിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയത് എന്നാണ് ഷാമിൽ നൽകിയിരിക്കുന്ന മൊഴി.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.