കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി

കണ്ണൂർ : ആൾക്കൂട്ട വിചാരണയെത്തുടർന്ന് കണ്ണൂർ കായലോട് പറമ്പായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. കായലോട് പറമ്പായിയിലെ റസീനയാണ് ആത്മഹത്യ ചെയ്തത്. ആൺ സുഹൃത്തായ മയ്യിൽ സ്വദേശി റഹീസ് ശനിയാഴ്ച പുലർച്ചെയാണ് പോലീസിന് മുന്നിൽ ഹാജരായത്.
റസീനയുടെ ആത്മഹത്യ ആൾക്കൂട്ട വിചാരണയെത്തുടർന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ റസീനയുടെ ആൺസുഹൃത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺസുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായിരിക്കുന്നത്. വ്യത്യസ്ത ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സുഹൃത്തിന്റെ മൊഴി നിർണായകമാകുമെന്ന് പോലീസ് വിലയിരുത്തുന്നു.