Latest News

കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍; ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’

 കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍; ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യങ്ങളില്‍ കുറിച്ചു. ഛത്തീസ്ഗഢില്‍ ട്രെയിന്‍ യാത്രക്കിടെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ ആള്‍കൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലെ സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിര്‍ത്തികള്‍ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെട്ടുകൂടാ. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാന്‍ വന്ന പാവപെട്ട വിദ്യാര്‍ഥികളെ മനുഷ്യക്കടത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും പഠനം നിഷേധിക്കുകയും ചെയ്ത സംഭവം ഈ വേളയില്‍ ഓര്‍ക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആള്‍ക്കൂട്ട അതിക്രമങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നത്. ആഗോള തലത്തില്‍ ഇന്ത്യക്കുള്ള യശസ്സ് അപകീര്‍ത്തിപ്പെടുത്താന്‍ ഇത്തരം സംഭവങ്ങള്‍ കാരണമായേക്കും. അതിലുപരി ജീവിക്കാനും മത സ്വാതന്ത്രത്തിനും താമസിക്കാനും സഞ്ചരിക്കാനും ജനാധിപത്യ മതേതരത്വ രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് ഈ സംഭവങ്ങളെല്ലാം – അദ്ദേഹം കുറിച്ചു. ബീഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ ഒരുവിഭാഗം ജനതയുടെ പൗരത്വം തന്നെ സംശയത്തിലാക്കുന്ന സാഹചര്യവും അസമിലെ സാധാരണക്കാരെ പുറം തള്ളാനുള്ള നീക്കങ്ങളും രാജ്യത്തിന്റെ ജനാധിപത്യ-മതേതര സ്വഭാവത്തെയാണ് അപകടപ്പെടുത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ നിയമസാധുതയില്ലാതെ കുടിയൊഴിപ്പിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും ഒരിക്കലും നീതീകരിക്കാനാവില്ല. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പരത്തി, ഭരണഘടന അനുവദിച്ചു നല്‍കുന്ന ന്യൂനപക്ഷാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ പൗര സമൂഹവും ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും ഒന്നിച്ചു രംഗത്തു വരേണ്ടതുണ്ട്. രാജ്യത്തിന്റെ വൈവിധ്യവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജാഗ്രത പുലര്‍ത്തണം – കാന്തപുരം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes