ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്; സ്കൂൾ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണം മെനുവിൽ ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങൾ ഉൾപ്പെടുത്തിയ വിവരം വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ചൊവ്വാഴ്ച പുറത്ത് വിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദമാക്കിയത്.
പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോഗ്രീൻസ് ഉൾപ്പെടുത്തണമെന്നും ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗം ചേർക്കണമെന്നും മെനുവിൽ നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ റാഗി, മില്ലറ്റ്, ക്യാരറ്റ് എന്നിവ ഉപയോഗിച്ചുള്ള പായസം കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.