കേരള സർവകലാശാല സസ്‌പെന്‍ഷന്‍ വിവാദം; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

കേരള സർവകലാശാലയിൽ സസ്‌പെന്‍ഷനു വിധേയനായ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശാലയിൽ പ്രവേശിച്ചതിനെതിരെ ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗങ്ങൾ രംഗത്ത്. രജിസ്ട്രാർ സർവകലാശാലയിലെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ വീണ്ടും ഇടപെടുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും, ഇതിലൂടെ സർവകലാശാലയുടെ രേഖകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പരാതി.
സര്‍വകലാശാലാ ആസ്ഥാനത്ത് സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നും, ഇനി സുരക്ഷയ്ക്കായി കേന്ദ്ര ഏജന്‍സികളുടെ സഹായം തേടേണ്ട സാഹചര്യമുണ്ടെന്നും ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് കത്തും നല്‍കി.
അതേസമയം, വൈസ് ചാൻസലറുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് അനിൽകുമാർ വീണ്ടും സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ പിടിവാശിയായി ഇടപെടുകയാണ്. അദ്ദേഹത്തിന്റെ ഡിജിറ്റൽ ഐ.ഡി ജീവനക്കാർ പുനസ്ഥാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനിൽകുമാർ ഫയലുകൾ തീർപ്പാക്കുന്നതിനിടെ, ആ ഫയലുകൾ വിലയിരുത്താതെ മാറ്റിവെക്കണമെന്നായിരുന്നു വൈസ് ചാൻസലറുടെ നിർദേശം.
താൽക്കാലിക രജിസ്ട്രാറായി നിയോഗിക്കപ്പെട്ട ഡോ. മിനി കാപ്പന് ഡിജിറ്റല്‍ ആക്‌സസ് നൽകുന്നതിനെ ജീവനക്കാരുടെ സംഘടന പ്രതിരോധിച്ചതായും ആരോപണങ്ങളുണ്ട്.
അതേസമയം, അനിൽകുമാർ സർവകലാശാലയിൽ പ്രവേശിക്കരുതെന്നായിരുന്നു വൈസ് ചാൻസലറുടെ വ്യക്തമായ നിർദേശം. കൂടാതെ അദ്ദേഹത്തിന്റെ ചേമ്പറിലേക്കും പ്രവേശനം നിരോധിച്ചിരുന്നു. എന്നാല്‍ ഇരു നിർദേശങ്ങളും പാലിക്കപ്പെട്ടില്ല. അനിൽകുമാർ സർവകലാശാലയിൽ ഹാജരായി, ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ച് വിവിധ ഫയലുകൾ തീർപ്പാക്കാനും തുടങ്ങി.
Tag: Kerala University suspension controversy; BJP syndicate members file complaint against registrar