കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിനോട് ഹാജരാകാൻ നിർദേശം നൽകി പൊലീസ്
തൃശൂർ: കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനോട് ഹാജരാകാൻ നിർദേശിച്ച് പൊലീസ്. മൊഴിയെടുക്കലിന് ഹാജരാകണമെന്നാണ് നിർദേശം. വാരാന്ത്യമായതിനാൽ തിങ്കളാഴ്ച കോടതിയുടെ അനുമതി തേടിയ ശേഷം മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
നിലവിൽ കവർച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ് പൂർത്തീകരിച്ചിരിക്കുന്നത്. പബ്ലിക് മണി ലോണ്ടറിങ് ആക്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് ഇനി നടക്കേണ്ടത്. കേസ് അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഇഡിക്ക് കൈമാറിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചർച്ചയായത്. സതീഷിന്റെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. കൊടകര കുഴൽപ്പണ കേസ് അന്വേഷിച്ച പ്രത്യേക സംഘം തന്നെ മൊഴിയെടുത്ത് റിപ്പോർട്ട് തയാറാക്കും. നിലവിൽ എഫ്‌ഐആർ ഉള്ള കേസായതിനാൽ വെളിപ്പെടുത്തൽ പുതിയതാണെങ്കിലും വീണ്ടും എഫ്‌ഐആർ ഇടാൻ പറ്റില്ല. സതീഷിന്റെ മൊഴിയെടുത്ത് കോടതിയിൽ റിപ്പോർട്ട് നൽകും. ഒപ്പം ഇ ഡിയ്ക്ക് വീണ്ടും കത്തയയ്ക്കും.
കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവർക്ക് മുറി എടുത്ത് നൽകിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു.