കോന്നി ക്വാറി അപകടം; തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു

പത്തനംതിട്ട കോന്നി ക്വാറി അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചിൽ ദൗത്യം താത്കാലികമായി നിർത്തിവെച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ആലപ്പുഴയിൽ നിന്നും വലിയ ക്രെയിനുകൾ എത്തിച്ചശേഷമാകും ഇനി തെരച്ചിൽ തുടരുക. നേരത്തെ NDRF-ദൗത്യസംഘത്തിലെ നാല് പേർ ഹിറ്റാച്ചിക്ക് അടുത്ത് എത്തിയെങ്കിലും വലിയ പാറകൾ മൂടിക്കിടക്കുന്നതിനാൽ ഓപ്പറേറ്ററെ കണ്ടെത്താനാകാതെ മടങ്ങി.
ക്യാബിന് മുകളിൽ ഉള്ള പാറ കഷ്ണങ്ങൾ മാറ്റാൻ ആണ് ദൗത്യ സംഘം ഇറങ്ങിയത്. അത് പൂർത്തിയാക്കി അവർ തിരികെ കയറി. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രൈൻ ഉടൻ എത്തും. ആവശ്യമെങ്കിൽ ആലപ്പുഴയിൽ നിന്ന് കൂടുതൽ ശേഷിയുള്ള ഹിറ്റാച്ചിയും എത്തിക്കും. റോപ്പ് ഘടിപ്പിക്കാൻ ഉള്ള സൗകര്യങ്ങൾ ചെയ്തു. ക്രെയിൻ എത്തിയാൽ റോപ്പ് ഉപയോഗിച്ച് ബുൾഡോസറിനെ താഴേക്ക് മാറ്റുമെന്ന് കളക്ടർ പറഞ്ഞു.
പാറ കഷണങ്ങൾക്കിടയിൽ മഹാദേവ പ്രധാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തിരുന്നു. ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് കളക്ടർ ഇന്നലെ ഉത്തരവിറക്കിയതിനു പിന്നാലെയാണ് അപകടം. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെക്കാനാണ് ജില്ലാ കളക്ടർ നിർദേശിച്ചിരിക്കുന്നത്. കോന്നി പഞ്ചായത്തിൽ മാത്രം എട്ടോളം ക്വാറികളാണ് അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്നത് എന്നാണ് ആക്ഷേപം നിലനിൽക്കുന്നത്.
Tag: Konni quarry accident; Search mission temporarily suspended