കോട്ടയം മെ.കോളേജ് കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവം; ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം ശക്തമാകുന്നു

കോട്ടയം മെഡിക്കല്‍ കോളേജിൽ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സംസ്ഥാനമാകെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്തി. തിരുവനന്തപുരം, പാലക്കാട്, വയനാട്, കോഴിക്കോട്, എറണാകുളം ഉൾപ്പെടെ നിരവധി ജില്ലകളിലായി ഡിഎംഒ ഓഫീസുകൾക്ക് മുന്നിലും, മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചത്.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ചിനെത്തിയത്. പൊലീസ് ഇത് തടഞ്ഞതോടെ പ്രക്ഷോഭം സംഘർഷത്തിലേക്ക് വഴിമാറി. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.
പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. പതിനാറോളം തവണ ജലപീരങ്കി പ്രയോഗിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സ്ത്രീ പ്രവർത്തകർ മതിൽ ചാടാനുള്ള ശ്രമം നടത്തിയതും പോലീസ് നടപടിക്ക് വഴിവെച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
പാലക്കാട് ഡിഎംഒ ഓഫിസിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചും സംഘർഷത്തിലേക്ക് വഴിമാറി. സ്ട്രച്ചറിൽ പ്രതീകാത്മകമായി മൃതദേഹം വഹിച്ചായിരുന്നു പ്രതിഷേധം. പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞതോടെ, ഉന്തും തള്ളും, ലാത്തിച്ചാർജ് തുടങ്ങിയ സംഘർഷമുണ്ടായി. പിന്നീട് ടൗൺ പൊലിസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ഗേറ്റ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ വീണ്ടും പൊലീസ് ഇടപെട്ടു.
സ്റ്റേഷൻ മുറ്റത്ത് ഇരുന്ന് പ്രതിഷേധം തുടരുകയും ചെയ്തു.
വയനാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും യൂത്ത് കോൺഗ്രസ് പ്രതിരോധം ശക്തമാക്കി. വിവിധ ജില്ലകളിൽ ഡിഎംഒ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവെന്നും പലതിലും പൊലീസ് ഇടപെടലുകൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
Tag: Kottayam M.College building collapses, woman dies; Protests against Health Minister Veena George intensify