പാവ വിറ്റ് നേടിയത് ചില്ലറ കോടികളല്ല, ചൈനയിലെ ഏറ്റവും വലിയ പത്താമത്തെ ധനികനായി ലബുബു മുതലാളി

വെറുമൊരു കളിപ്പാട്ടത്തില്‍ നിന്ന് ആഗോള കളിപ്പാട്ട വിപണിയിലെ അതികായനായി മാറിയ ‘ലബൂബു’വിന്റെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ലബൂബുവിന്റെ കൈപിടിച്ച് സമ്പന്ന ലോകത്തേക്ക് നടന്നുകയറിയ ഒരാളുകൂടിയുണ്ട്. ലബൂബുവിന്റെ സ്രഷ്ടാവ് വാങ് നിങ്. 2025 ജൂലൈ 3 ലെ കണക്കനുസരിച്ച്, പോപ്പ് മാർട്ട് സ്ഥാപകനും സിഇഒയുമായ വാങ് നിങ് ചൈനയിലെ ഏറ്റവും ധനികരായ പത്താമത്തെ വ്യക്തിയാണ്. ഇതെങ്ങനെയെന്നല്ലേ? ഒരു ചെറിയ ലബുബു പാവയുടെ വില 5 യുഎസ് ഡോളർ അതായത് ഏകദേശം 429 രൂപയാണ്. 30 ഇഞ്ച് വലുപ്പമുള്ള പാവയുടെ വില 1,500 യുഎസ് ഡോളർ അഥവാ ഏകദേശം 1,28,758 രൂപ വരെ വിലവരും.
ഫ്‌ലീസി മെറ്റീരിയലില്‍ നിര്‍മ്മിച്ച, മുയല്‍ ചെവികളുള്ള ഒരു വണ്‍സീ ധരിച്ച്, കാപ്പിപ്പയറുപോലുള്ള കണ്ണുകളും അരികുകള്‍ കൂര്‍ത്ത പല്ലുകളുമുള്ള ഈ കുഞ്ഞന്‍ പാവ ചിലര്‍ക്ക് ഭംഗിയുള്ളതായും മറ്റു ചിലര്‍ക്ക് ഭയപ്പെടുത്തുന്നതായും തോന്നാമെങ്കിലും, ഇതിപ്പോള്‍ കോടികളുടെ ബിസിനസ്സാണ്. ഇതാണ് വാങ് നിങിനെ സമ്പന്നനാക്കിയതും. മറ്റ് ചൈനീസ് ശതകോടീശ്വരന്മാരെ അപേക്ഷിച്ച് വാങ് നിങ് എത്രത്തോളം സമ്പന്നനാണ് എന്നറിയണമെങ്കിൽ ഈ കണക്കുകൾ പരിശോധിക്കണം. വാങ് നിങ്ങിന്റെ ആസ്തി 21.1 ബില്യൺ യുഎസ് ഡോളറാണ്. സമ്പന്നപട്ടികയിൽ ഇടം നേടിയവർ ഇവരാണ്.
ലബൂബു പെട്ടെന്നൊരു ഹിറ്റായിരുന്നില്ല. കളിപ്പാട്ടങ്ങള്‍ ആദ്യം നിര്‍മ്മിച്ചത് കടുപ്പമുള്ള വിനൈലില്‍ ആയിരുന്നു, എന്നാല്‍ 2023-ല്‍ പോപ് മാര്‍ട്ട് അവയെ കീ റിംഗുകളായും വലിയ പാവകളായും വില്‍ക്കാന്‍ തുടങ്ങിയതോടെ വില്‍പ്പന വര്‍ദ്ധിച്ചു. പിന്നീട് 2024-ല്‍, കെ-പോപ്പ് ഗേള്‍ ഗ്രൂപ്പായ ബ്ലാക്ക്പിങ്കിലെ തായ് അംഗം ലിസ, തന്റെ ലബൂബുശേഖരം സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിച്ചത് ഒരു വഴിത്തിരിവായി. ഇതോടെ തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം ഒരു തരംഗം ആരംഭിച്ചു.ഇതിന്റെ സ്വാധീനം ഉടനടിയുണ്ടായി. പോപ് മാര്‍ട്ടിന്റെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം, 2024-ല്‍ ‘ദി മോണ്‍സ്റ്റേഴ്‌സ്’ പരമ്പരയില്‍ നിന്നുള്ള വരുമാനം എട്ടിരട്ടിയായി വര്‍ദ്ധിച്ചു, ഇത് മൊത്തം വരുമാനത്തിന്റെ ഏകദേശം കാല്‍ ഭാഗം ആണ്. ഈ കളിപ്പാട്ടത്തിന്റെ പ്രചാരം ചൈനീസ് ബാങ്കിംഗ് വ്യവസായത്തെ പോലും സ്വാധീനിച്ചു. പിങ് ആന്‍ ബാങ്കിന്റെ നിരവധി ശാഖകള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള സമ്മാനമായി സൗജന്യ ലബൂബു കളിപ്പാട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് വരെയെത്തി കാര്യങ്ങള്‍. 2024 അവസാനത്തോടെ, പോപ് മാര്‍ട്ട് 130 സ്റ്റോറുകള്‍ വിദേശത്ത് തുറന്നു, അവയില്‍ മിക്കതും ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ്, പാരീസിലെ ലൂവ്രെ തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലാണ്. ലൂവ്രെ മ്യൂസിയത്തില്‍ പ്രവേശിക്കുന്ന ആദ്യത്തെ ചൈനീസ് കളിപ്പാട്ട ബ്രാന്‍ഡായി ഇത് മാറി. അങ്ങനെ, ഒരു ചെറിയ പാവയില്‍ നിന്ന് ആഗോള സാമ്പത്തിക ഭീമനായി വളര്‍ന്ന ലബൂബുവിന്റെ കഥ, വെറുമൊരു കളിപ്പാട്ടത്തിനപ്പുറം, ഉല്‍പ്പന്നങ്ങളുടെ സ്വാധീനത്തിന്റെയും വിപണന തന്ത്രങ്ങളുടെയും പുതിയ സാധ്യതകള്‍ തുറന്നു കാട്ടുന്നു.