ലേഡി സൂപ്പർ സ്റ്റാർ @40; പിറന്നാൾ സമ്മാനവുമായി നെറ്റ്ഫ്ലിക്സ് – വിവാദ ഡോക്യുമെന്ററി പുറത്തിറങ്ങി
വിവാദങ്ങൾക്കൊടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിംഗ്. നയൻതാരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെൻററി സംവിധാനം ചെയ്തിരിക്കുന്നത്.
2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് വിവാഹ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിർ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികൾക്ക് ലഭിക്കുകയും ചെയ്തിരുന്നു.
നവംബർ 16ന് ആണ് ധനുഷിനെതിരെ നയൻതാര പരസ്യമായി രംഗത്ത് എത്തിയത്. നാനും റൗഡി താൻ എന്ന സിനിമയിൽ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാൻ ധനുഷ് എൻഒസി നൽകിയില്ലെന്ന് നയൻതാര പറഞ്ഞിരുന്നു. ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങൾക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്നും നയൻതാര പറഞ്ഞിരുന്നു.