നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; സൗത്ത് കൊല്‍ക്കത്ത ലോ കോളേജിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കി

നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കി. സൗത്ത് കൊല്‍ക്കത്ത ലോ കോളേജിൽ നിന്ന് മുഖ്യപ്രതിയും കോളേജിൻ്റെ അഡ്‌ഹോക് ഫാക്കല്‍റ്റി അംഗവുമായ മോണോജിത് മിശ്ര, വിദ്യാർത്ഥികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജിയാണ് കേസിലെ മറ്റൊരു പ്രതി.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനിയെ പ്രതികൾ കൂട്ട ബലാത്സംഗം ചെയ്തത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ മൊണോജിത് മിശ്ര കൂടെ വരാന്‍ ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും പ്രത്യേക അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 11 മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് ഡിവിആറിലുളളത്. മുഖ്യ പ്രതി മോണോജിത് മിശ്രയുടെ ഫോണില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളുണ്ട്. പ്രതികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. സംഭവം നടന്ന ദിവസം കോളേജിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. സൌത്ത് ലോ കോളേജ് ഒരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിട്ടു.
Tag: Law student rape case; Students expelled from South Kolkata Law College