ബോംബ് ഭീഷണി: ജർമ്മനിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം തിരിച്ച് പറന്നു
ഹൈദരാബാദ്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ച് പറന്നു. തിങ്കളാഴ്ച പുലർച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.14 നാണ് എൽഎച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ തിരിച്ചു പറന്നെന്ന് ലുസ്താൻസിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എൽ എച്ച് 752 നെ ലക്ഷ്യമാക്കിയുള്ള ബോംബ് ഭീഷണി സന്ദേശം ഇമെയിലായി ലഭിച്ചിരുന്നെന്ന് ഹൈദരാബാദ് വിമാനത്താവളം അധികൃതർ അറിയിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്ന് തിരിച്ചു പറക്കാനോ സമീപത്തെ വിമാനത്താവളത്തിൽ ഇറങ്ങാനോ നിർദ്ദേശിക്കുകയായിരുന്നെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി.

