മലയാളി തിളക്കം; ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണറായി ചുമതലയേറ്റു

ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണറായി ചുമതലയേറ്റു. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’കല്ലഗൻ ടിഡി ടെൻസിയ സിബിക്ക് കൈമാറി. മലയാളിയായ ടെൻസിയ സിബി ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി – ത്രേസ്യാമ്മ ദമ്പതികളുടെ മകളുമാണ്.
ഭക്ഷ്യ ശുചിത്വ ചട്ടങ്ങൾ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാൻ അയർലണ്ടിലെ പീസ് കമ്മീഷണർമാർക്ക് അധികാരമുണ്ട്. മനുഷ്യോപയോഗത്തിന് ഹാനികരമായ തരത്തിൽ രോഗബാധിതമായതോ, മലിനമായതോ, അല്ലെങ്കിൽ മറ്റ് വിധത്തിൽ ആരോഗ്യകരമല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുന്നു. ഭക്ഷണം ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ജില്ലാ കോടതിയിലെ ഒരു ജഡ്ജിയോ പീസ് കമ്മീഷണറോ ബോധ്യപ്പെടുമ്പോഴാണ് ഈ അധികാരം പ്രയോഗിക്കുന്നത്.
1950-ലെ ഭക്ഷ്യ ശുചിത്വ നിയന്ത്രണങ്ങൾ, 1924 ലെ നീതിന്യായ കോടതി നിയമം തുടങ്ങിയ നിയമനിർമ്മാണങ്ങളിൽ നിന്നാണ് ഈ അധികാരം പീസ് കമ്മീഷണർമാർക്ക് ലഭിക്കുന്നത്. ഔപചാരികമായി നശിപ്പിക്കുന്നതിനുള്ള ഉത്തരവിൽ പീസ് കമ്മീഷണർമാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അനർഹമായ ഭക്ഷണത്തിന്റെ പ്രാഥമിക തിരിച്ചറിയലും നിർവ്വഹണ നടപടികളും സാധാരണയായി ആരോഗ്യ ബോർഡുകളുടെ അംഗീകൃത ഉദ്യോഗസ്ഥരോ അയർലൻഡിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോ ആണ് നടത്തുന്നത്.
പയ്യന്നൂർ കോളേജിലെ പഠനത്തിന് ശേഷം അജ്മീരിലെ സെയിന്റ് ഫ്രാൻസിസ് കോളേജ് ഓഫ് നേഴ്സിങ്ങിൽ നിന്നും നേഴ്സ്സിംഗ് പഠനം പൂർത്തിയാക്കിയ ടെൻസിയ, ഡൽഹിയിൽ എസ്‌കോർട്ട് ഹാർട്ട് ഹോസ്പിറ്റലിൽ ജോലി ചെയ്തതിനുശേഷം 2005 ലാണ് അയർലണ്ടിൽ എത്തിയത്. ശേഷം, ഡബ്ലിൻ ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ഹെൽത്ത് സർവീസ് ജോലിയിൽ പ്രവേശിച്ചു. 2022 ൽ Royal College of Surgeons in Ireland ൽ നിന്നും ഹയർ ഡിഗ്രി കരസ്ഥമാക്കി. 2019 മുതല്‍ സീനിയർ നേഴ്‌സായി ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന ബിപി ഫൗണ്ടേഷനിലൂടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന ടെൻസിയ സിബി അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ – ബ്ലാക്ക്‌റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും കാറ്റിക്കിസം ടീച്ചറുമാണ്.
ഐറീഷ് ലോ ഫേമിൽ ജോലി ചെയ്യുന്ന ‘ SS Law & Associates -ന്റെ ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ അഡ്വ.സിബി സെബാസ്റ്റ്യനാണ് ഭർത്താവ്. ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ ചീഫ് എഡിറ്റര്‍ ആയ ഇദ്ദേഹം ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന എഡ്‌വിൻ, എറിക്ക്, ഇവാനിയ മരിയ എന്നിവർ മക്കളാണ്.
കൗണ്ടി ഡബ്ലിനും അനുബന്ധ കൗണ്ടികളായ വിക്ളോ, മീത്ത് തുടങ്ങി അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയ സിബിക്ക് നല്‍കിയിരിക്കുന്നത്. പീസ് കമ്മീഷണർ എന്നത് ഒരു ഹോണററി നിയമനം ആണ്. അയർലണ്ടിലെ വിവിധ സേവനങ്ങൾക്ക് ആവശ്യമായ രേഖകൾ സാക്ഷ്യപ്പെടുത്തുക, സർട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുക, ഓർഡറുകൾ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകള്‍. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
Tag: Malayali shines; Tensia Sibi takes charge as Peace Commissioner in Ireland