Latest News

‘മമോണ മാൽവെയർ’, ഇന്‍റർനെറ്റ് ഇല്ലാതെയും ആക്രമിക്കുന്ന അപകടകരമായ വൈറസ് ഭീഷണിയാവുന്നു!

 ‘മമോണ മാൽവെയർ’, ഇന്‍റർനെറ്റ് ഇല്ലാതെയും ആക്രമിക്കുന്ന അപകടകരമായ വൈറസ് ഭീഷണിയാവുന്നു!

ഇന്‍റർനെറ്റ് കണക്ഷൻ ഇല്ലാതെ പോലും പ്രവർത്തിക്കുന്ന ഒരു പുതിയ വൈറസിനെ സുരക്ഷാ ഗവേഷകർ കണ്ടെത്തി. മമോണ റാൻസംവെയർ എന്ന പുതിയതും അത്യന്തം അപകടകാരിയുമായ ഒരു വൈറസാണിത്. ഈ മാൽവെയർ ഒരു ഓൺലൈൻ കമാൻഡും ഇല്ലാതെ തന്നെ സിസ്റ്റം ഫയലുകൾ ലോക്ക് ചെയ്യുകയും തെളിവുകൾ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും, ഇതിനെ തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടാകുന്നു എന്നുമാണ് സൈബര്‍ വിദഗ്‌ധര്‍ പറയുന്നത്. ഇത് ഓഫ്‌ലൈനിൽ എക്സിക്യൂട്ട് ചെയ്യുകയും പ്രാദേശികമായി ജനറേറ്റ് ചെയ്‌ത കീകൾ ഉപയോഗിച്ച് ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുകയും അതിന്‍റെ ട്രാക്കുകൾ മായ്ക്കുകയും ചെയ്യുന്ന ഒരു സ്റ്റെൽത്തി മാൽവെയറാണെന്നും ഗവേഷകർ പറയുന്നു.

പരമ്പരാഗത റാൻസംവെയറിൽ നിന്ന് തികച്ചും വ്യത്യസ്‍തമാണ് മമോണ മാൽവെയർ. മറ്റ് റാൻസംവെയറുകൾ ഒരു റിമോട്ട് സെർവറിൽ നിന്ന് കമാൻഡുകൾ സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്‍റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ മമോണ ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുന്നു. വിൻഡോസ് പിംഗ് കമാൻഡ് ദുരുപയോഗം ചെയ്യുന്നതിലൂടെ, ഇത് ലോക്കൽ എൻക്രിപ്ഷൻ കീകൾ സൃഷ്‍ടിക്കുന്നു. ഇത് എയർ-ഗ്യാപ്പ്ഡ് സിസ്റ്റങ്ങളിൽ പോലും ഫലപ്രദമാക്കുന്നു. അതായത്, ഇന്‍റർനെറ്റിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട സിസ്റ്റങ്ങളെപ്പോലും മമോണ ആക്രമിക്കുന്നു.

ഓഫ്‌ലൈൻ സിസ്റ്റങ്ങൾ പോലും ഇനി സുരക്ഷിതമല്ലെന്ന് മമോണ പോലുള്ള റാൻസംവെയറുകൾ തെളിയിക്കുന്നുവെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ നിഹാർ പത്താരെ പറയുന്നു. നെറ്റ്‌വർക്ക് നിരീക്ഷണം ഒഴിവാക്കിക്കൊണ്ട് ഈ അപകടകരമായ സോഫ്റ്റ്‌വെയറുകൾക്ക് ഏത് സുരക്ഷാ സംവിധാനത്തെയും മറികടക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ വിദഗ്‍ധരുടെ അഭിപ്രായത്തിൽ, മമോണ സാധാരണയായി യുഎസ്ബി ഡ്രൈവുകൾ അല്ലെങ്കിൽ എക്സ്റ്റേണൽ ഹാർഡ് ഡിസ്‍കുകൾ പോലുള്ള ഡിവൈസുകളിലൂടെയാണ് പടരുന്നത്. ഒരു ഉപയോക്താവ് വൈറസ് ബാധിച്ച ഉപകരണം സിസ്റ്റവുമായി ബന്ധിപ്പിക്കുമ്പോൾ, ഈ മാൽവെയർ ഓട്ടോമാറ്റിക്കായി ആക്‌ടീവാകും. ഈ റാൻസംവെയർ പലപ്പോഴും മറഞ്ഞിരിക്കുന്ന ഫയലുകൾ, ഓട്ടോ-റൺ സ്ക്രിപ്റ്റുകൾ അല്ലെങ്കിൽ ആന്‍റിവൈറസിനെ കബളിപ്പിക്കുന്ന കോഡുകൾ ഉപയോഗിക്കുന്നു. ഇന്റർനെറ്റിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട സിസ്റ്റങ്ങൾ പോലും അതിൽ നിന്ന് സുരക്ഷിതരല്ല എന്നതാണ് ഞെട്ടിക്കുന്നത്.

സിസ്റ്റത്തിൽ ഈ റാൻസംവെയർ ആക്ടീവായാൽ അത് ഓട്ടോമാറ്റിക്കായി എൻക്രിപ്ഷൻ കീകൾ സൃഷ്‍ടിക്കുകയും സ്ക്രീനിലോ ഒരു ടെക്സ്റ്റ് ഫയലായോ ഒരു റാൻസം നോട്ട് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ, മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലുള്ള മറ്റൊരു ഉപകരണത്തിൽ നിന്ന് ആക്രമണകാരിയുമായി ബന്ധപ്പെടാൻ ഉപയോക്താവിനോട് ആവശ്യപ്പെടുന്നു. ചിലപ്പോൾ ഒരു ക്യുആർ കോഡ് സ്‍കാൻ ചെയ്യുകയോ ഇമെയിൽ അയയ്ക്കുകയോ പോലുള്ള കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മമോണ പോലുള്ള അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?

താഴെപ്പറഞ്ഞിരിക്കുന്ന ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു പരിധി വരെ സ്വയം പരിരക്ഷിക്കാൻ കഴിയും.

1 അജ്ഞാത യുഎസ്ബി ഉപകരണങ്ങൾ ഉപയോഗിക്കരുത്
2 ഓഫ്‌ലൈനിലും പ്രവർത്തിക്കുന്ന ഒരു ആന്റിവൈറസ് ഉപയോഗിക്കുക
3 എല്ലാ സിസ്റ്റങ്ങളും പതിവായി അപ്ഡേറ്റ് ചെയ്യുക
4 പ്രധാനപ്പെട്ട ഡാറ്റയുടെ സുരക്ഷിതമായ ഓഫ്‌ലൈൻ ബാക്കപ്പുകൾ സൃഷ്‍ടിക്കുക
5 ഫയലുകളുടെ പേരുകൾ മാറ്റുക, ഒതന്‍റിഫിക്കേഷനുകൾ തുറക്കാതിരിക്കുക, അല്ലെങ്കിൽ വിചിത്രമായ സന്ദേശങ്ങൾ കാണുക തുടങ്ങിയവ അപകടത്തിന്റെ സൂചനകളാകാം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes