മണിപ്പൂർ സംഘർഷം; കൂടുതൽ കേന്ദ്രസേനയെ നിയോഗിച്ച് അമിത് ഷാ, യോഗം തുടരും
ന്യൂഡൽഹി: മണിപ്പൂരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേരും. 50 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരിൽ വിന്യസിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി ഇംഫാലിലെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. ഇംഫാലിൽ കർഫ്യൂവും ഏഴ് ജില്ലകളിൽ ഇൻറർനെറ്റ് നിരോധനവും തുടരുകയാണ്.
എൻഐഎ ഏറ്റെടുത്ത കേസുകളിൽ വൈകാതെ അന്വേഷണം തുടങ്ങും. സംഘർഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന സംഭവങ്ങളിലെ അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തിരിക്കുന്നത്.
അമിത്ഷായെ സാഹചര്യം ഏറെ സങ്കീർണ്ണമാണെന്ന് ഇന്നലത്തെ യോഗത്തിൽ ഉദ്യോഗസ്ഥർ ധരിപ്പിച്ചു. 5000 അംഗങ്ങൾ ഉള്ള 50 കമ്പനി കേന്ദ്രസേനയെ കൂടി ഉടൻ വിന്യസിക്കാനാണ് തീരുമാനിച്ചത്. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. മണിപ്പൂർ പൊലീസിൽ നിന്ന് 3 പ്രധാന കേസുകളാണ് എൻഐഎ ഏറ്റെടുത്തത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് 8 മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ മൂന്ന് കുട്ടികളെയും, മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്, സിആർപിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെയും വസതികൾക്ക് നേരെ നടന്ന അക്രമം എന്നിവ അന്വേഷിക്കാനാണ് തീരുമാനം.